അബുദാബിയിലെ ഒരു ഹോട്ടലില്‍ ”ചിക്കന്‍ പുലിമുരുകന്” ; ഫോട്ടോ പങ്കുവെച്ച് ആരാധകന്
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ എന്ന വിശേഷണവും പുലിമുരുകന് നേടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകള്‍ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേര്‍ത്ത ചിത്രവും പുലിമുരുകനാണ്.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് ഒന്നര മാസത്തിന് ശേഷവും തീയേറ്ററുകള്‍ക്കു മുന്നില്‍ പ്രേക്ഷകരുടെ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. പില്കാലത്ത് മലയാള സിനിമയുടെ കാന്‍വാസ് വികസിപ്പിച്ചതില്‍ നിര്‍ണ്ണായക പങ്കുള്ള ചിത്രമായി മാറുകയായിരുന്നു പുലിമുരുകന്. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ പുലിമുരുകന്റെ പേരില്‍ ഇറങ്ങിയ ഒരു ചിക്കന്‍ കഴിച്ച കഥ പറഞ്ഞകൊണ്ട് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.
നാട്ടില്‍ എന്ത് വിശേഷം ഉണ്ടായാലും അതിനനുസരിച്ച ഒരു വിഭവം ഉണ്ടാക്കുക എന്നത് ഞങ്ങള്‍ ഗള്‍ഫു മലയാളികളുടെ ഒരു ശീലമാണ്. അത്രയധികം നൊസ്റ്റാള്‍ജിയയും മനസ്സില്‍ പേറി നടക്കുന്നവരാണ് ഞങ്ങള്‍. മോഹന്‍ലാല്‍ ഫിലിം പുലിമുരുഗന് തീയേറ്ററുകള്‍ നിറഞ്ഞോടുന്ന സമയത്താണ് അബുദാബിയിലെ ഒരു ഹോട്ടലില്‍ നിന്നും ഞാന്‍ ‘ ചിക്കന്‍ പുലിമുരുഗന് ‘ കഴിക്കുന്നത്. തള്ളിയതല്ല, ഫോട്ടം കാണണം. ഈ വെള്ളിയാഴ്ച ‘ഡിപ്ലോമാറ്റിക് ബിരിയാണി’ ആണെന്നാണ് ജനസംസാരമെന്നും പറഞ്ഞാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ലോകത്ത് മലയാളികള്‍ എവിടൊക്കെ ഉണ്ടോ അവിടെയെല്ലാം പുലിമുരുകന് എത്തിയ കാഴ്ച്ചയായിരുന്നു. ടോമിച്ചന് മുളകുപാടം ആണ് സിനിമയുടെ നിര്‍മാതാവ്. സിനിമയുടെ പെര്ഫക്ഷന് വേണ്ടി അങ്ങേയറ്റം വരെ പോകാന്‍ സംവിധായകന് വൈശാഖും തയ്യാറായിരുന്നു. അതുകൊണ്ട് കൂടിയാണ് സിനിമയെ പ്രേക്ഷകര്‍ ഇത്രയേറെ കൈയ്യടികളോടെ സ്വീകരിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി വൈശാഖ് കൊണ്ട്വന്നത് പീറ്റര്‍ ഹീനിനെയായിരുന്നു. ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണനായിരുന്നു. സംഗീത സംവിധാനം ചെയ്തത് ഗോപി സുന്ദറായിരുന്നു.