ഇന്നും മായാത്ത ‘കമലദളം’…! മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല ; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന നടനവൈഭവം അഭിനയിച്ച കഥാപാത്രങ്ങളില്‍ കമലദളം ചിത്രത്തിലെ നന്ദഗോപനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ‘തന്മയീ ഭാവം’ എന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തില്‍ നന്ദഗോപനായി അടിമുടി മാറിയ മോഹന്‍ലാല്‍. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിനെ കൂടാതെ മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള ഒരു സിനിമ കൂടിയാണ് കമലദളം. അലസമായ താടിയും മുടിയുമായെത്തിയ നന്ദഗോപന്‍ ശാസ്ത്രീയ നൃത്തത്തിന്റെ പുതിയൊരു ലോകമാണ് കാഴ്ചക്കാര്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നും മായാത്ത ‘കമലദളം’.
മുപ്പത് കൊല്ലം കഴിഞ്ഞും, ഏഴാം വയസ്സില്‍ തീയേറ്ററില്‍ കണ്ട അതേ ആവേശത്തോടെ ആ സിനിമ വീണ്ടും കാണാന്‍ കഴിയുന്നു എന്ന് പറയുമ്പോള്‍ അത് ആ സിനിമയുടെ വിജയമാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയസപര്യയില്‍ ആദ്യത്തെ പത്ത് സിനിമകളില്‍ എടുക്കുമ്പോള്‍ അതില്‍ കമലദളം ഉണ്ടായിരിക്കും. കേരള കലാമന്ദിരത്തിലെ രാഷ്ട്രീയവും, നന്ദഗോപന്‍ എന്ന ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ മദ്യത്തിന്റെയും, കഞ്ചാവിന്റെയും ലഹരിയില്‍ നടക്കുന്ന ഡാന്‍സ് മാസ്റ്ററുടെ കഥാപാത്രവും ലോഹിതദാസിന്റെ രചനയില്‍ ഭദ്രമായിരുന്നു. രവീന്ദ്രന്‍ മാസ്റ്ററുടെ മനോഹരമായ ഗാനങ്ങള്‍ ഇന്നും കമലദളത്തിന്റെ മാറ്റ് കൂട്ടുന്നു.
മുരളി, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിനീത്, മോനിഷ പാര്‍വതി തുടങ്ങി ഒരുപാട് പ്രതിഭകളുടെ മനോഹരമായ അഭിനയവും ഈ സിനിമയുടെ മുഖമുദ്രയാണ്. മോനിഷ എന്ന നടിയുടെ മുപ്പതാം ചരമവാര്‍ഷികം കൂടിയായ ഈ വര്‍ഷത്തില്‍ ഈ സിനിമ കാണുമ്പോള്‍ അത് ഓരോ മലയാളിക്കും ഒരു നൊമ്പരം തന്നെയായിരിക്കും.
സിനിമയിലെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടതാണെങ്കിലും മാണ്ട് രാഗത്തിന്റെ ഭംഗി ഉള്‍ക്കൊണ്ട ‘സായന്തനം ചന്ദ്രികാ ലോലമായ്..’ തന്നെയാണ് വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രിയപ്പെട്ട ഗാനം. ‘എന്നുള്‍ച്ചിരാതില്‍നീ ദീപനാളമായ് പോരൂ..’ എന്ന് കൈതപ്രം എഴുതുമ്പോള്‍ നന്ദഗോപന്റെ സുമയോടുള്ള പ്രണയവും, അയാള്‍ അനുഭവിക്കുന്ന ഏകാന്തതയും നമ്മിലേക്കുമെത്തും.
പക്ഷേ ഈ സിനിമയെ നൂറ്റിയന്‍പതില്‍ അധികം ദിവസം ഓടിച്ചതില്‍ ഇതിന്റെ ക്ലൈമാക്‌സിന്റെയും, ‘സുമുഹൂര്‍ത്തമായ്… സ്വസ്തി..’ എന്ന രാഗമാലികയുടെയും, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയപാടവത്തിന്റെയും പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച്, ആ പാട്ടിന്റെ അവസാനമുള്ള മരണത്തിലേക്ക് എന്നറിഞ്ഞും, സ്വപ്നസാക്ഷാത്ക്കാരത്തിനായി പാടുന്ന ആ രംഗം. മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല. That’s what they call the vintage Mohanlal performance.
‘ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ
നെഞ്ചോട് ചേര്‍ത്തു പുണര്‍ന്നെടുക്കൂ…
സുമുഹൂര്‍ത്തമായ്…
സ്വസ്തി.. സ്വസ്തി.. സ്വസ്തി…’
എന്ന ഭാഗം കഴിഞ്ഞുള്ള ആ രംഗം; തന്റെ പ്രാണപ്രിയയെ കണ്ട് അവളിലേക്ക് പോകാന്‍ തുടങ്ങുന്നതിന് മുന്‍പേ, പ്രിയപ്പെട്ട ശിഷ്യയുടെ മൂര്‍ദ്ധാവില്‍ കൈ വെച്ച് അനുഗ്രഹിച്ച് മരണത്തിലേക്ക് പോകുന്ന ക്ലൈമാക്‌സ്; മോഹന്‍ലാല്‍ – സിബി മലയില്‍ – ലോഹിതദാസ് എന്ന പ്രതിഭകളെ നമ്മള്‍ കൈക്കൂപ്പി പോകും. ഇറങ്ങിയ സമയത്ത് സാഗരസംഗമവുമായി താരതമ്യങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ഇന്ന് രണ്ട് സിനിമകളും കാണുമ്പോള്‍ കമലദളത്തിന്റെ തട്ട് താണ് തന്നെയിരിക്കും.അതിന്റെ പ്രധാനകാരണം ഡ്രാമയും, കലയും ഇത്രയും സമന്വയിപ്പിച്ച് ഒരു തരി അങ്ങോട്ടും ഇങ്ങോട്ടും മാറാതെ കുറുക്കിയെഴുതിയ ലോഹിതദാസിന്റെ തിരക്കഥയും, അതിനെ ആവാഹിച്ച മോഹന്‍ലാലിന്റെ അഭിനയ പാടവവും തന്നെയാണ്.
ട്രിവിയ: ഈയിടെ ഡബ്ബിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച വിനീതിന് ഈ സിനിമയില്‍ ഡബ്ബ് ചെയ്തത് ഡബ്ബിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള കൃഷ്ണചന്ദ്രന്‍ ആണെന്നത് മറ്റൊരു കൗതുകമാണ്.