‘മോഹന്‍ലാല്‍ എന്ന നടന് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വീഴ്ച്ചകള്‍ സ്വയം വരുത്തി വച്ചത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാളസിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. എന്നാല്‍ ഈ വര്‍ഷം തിയേറ്ററില്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടാനായില്ല. എന്നാല്‍ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മോഹന്‍ലാല്‍ എന്ന നടന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വീഴ്ചകള്‍ അദ്ദേഹം തന്നെ സ്വയം വരുത്തി വെച്ചതല്ലേ? അദ്ദേഹത്തിന് പറയാം വേണമെങ്കില്‍ ഇത് എന്റെ സ്വാതന്ത്ര്യമാണ് എന്റെ ഇഷ്ടത്തിനാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നതെന്ന്. അങ്ങനെ പറഞ്ഞാലും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഇങ്ങനെ വരി വരിയായി പരാജയപെടുമ്പോള് സ്വാഭാവികമായി ഒരു നിരാശ തോന്നില്ലേ. കാരണം അദ്ദേഹം കേവലം ഒരു സാധാരണ നടന് അല്ലല്ലോ അഭിനയം നന്നായി വശമുള്ള ഒരു അസാമാന്യ പ്രതിഭ തന്നെയല്ലേ. സ്പിരിറ്റ് ആവണം അദ്ദേഹത്തിന്റെ അനായാസ അഭിനയത്തെ അവസാനം കാണാന്‍ കഴിഞ്ഞത്. അതിനു ശേഷം വില്ലനില്‍ ആ അനായാസത ചെറുതായി കണ്ടെങ്കിലും പടം അത്രയും ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് സ്പിരിറ്റ് എന്ന് തന്നെ പറയേണ്ടി വരും.
കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ മോഹന്‍ലാല്‍ എന്ന നടന് സഞ്ചരിച്ച വഴികള്‍ ശരിയായ ദിശയില്‍ അല്ലെന്നു പറയാന്‍ ആറാട്ട് എന്നൊരൊറ്റ സിനിമ മാത്രം മതിയാകും. ഈ കാലഘട്ടത്തിന് ഒട്ടും യോജിക്കാത്ത പല കാര്യങ്ങളും കുത്തി നിറച്ചൊരു സിനിമ അങ്ങനെ മാത്രമേ അതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ. അത് പോലൊരു ചിത്രം തിരഞ്ഞെടുക്കാന്‍ മോഹന്‍ലാല്‍ എന്ന നടനെ അതിശയിപ്പിച്ച ഘടകം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ലൂസിഫറും പുലിമുരുകനും മോഹന്‍ലാല്‍ എന്ന താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിച്ചു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ അദ്ദേഹത്തിലെ നടന് എവിടെ പോയി അത് മാത്രമാണ് നമ്മുടെയൊക്കെ വിഷയം.
മോഹന്‍ലാലിന് ഇനി ഒരു തിരിച്ച് വരവ് സാധ്യമാകുമോ? താണ്ഡവവും ചതുരംഗവുമൊക്കെ തകര്‍ന്നു തരിപ്പണമായപ്പോള്‍ അയാളുടെ കാലം അവസാനിച്ചു എന്ന് വിധി എഴുതിയവര്‍ പിന്നീട് മാറ്റി പറയേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. അത്കൊണ്ട് കാത്തിരിക്കാം. കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. അല്ലാതെ അദ്ദേഹത്തെ കീറി മുറിച്ചിട്ടോ നശിപ്പിച്ചിട്ടോ ഒരു മാറ്റവും മോഹന്‍ലാല്‍ എന്ന നടന് ഉണ്ടാവുമെന്ന പ്രതീക്ഷ തീരെ ഇല്ല. മറിച്ച് അദ്ദേഹത്തിന്റെ അഭിനയത്തെ ചൂഷണം ചെയുന്ന നല്ല കഥകള്‍ മോഹന്‍ലാലിനെ തേടി എത്തട്ടെ.