‘മാളികപ്പുറത്തിനും നന്ദനത്തിനും മുമ്പ് മലയാള സിനിമയെ രാജ്യന്തര മികവിലേയ്ക്ക് ഉയര്‍ത്തിയ ചിത്രം മണിച്ചിത്രത്താഴ്’; കുറിപ്പ്
ഇന്നും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും ക്ലാസിക് ചിത്രമായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. അത്രയധികം വിസ്മയത്തോട് കൂടിയാണ് പലരും സിനിമ കാണാനിരിക്കുന്നത്. 1993 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് റിലീസ് ചെയ്യുന്നത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് എന്ന സിനിമ പുറത്തിറങ്ങി 29 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പുതുമ നഷ്ടപ്പെടാതെ, ശരാശരി മലയാളി ആസ്വദിക്കുന്നു. അടുത്ത സീന്‍ എന്തെന്ന് കാണാപാഠമെങ്കിലും ആകാംഷയ്ക്ക് കുറവില്ലാതെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന ഒരു ആകര്‍ഷണീയതയുണ്ട് ആ ചിത്രത്തിന്.
ചിത്രത്തിലെ നാഗവല്ലിയും കാരണവരും രാമനാഥനും സണ്ണിയും നകുലനും ഗംഗയും ശ്രീദേവിയുമൊക്കെ കാലങ്ങള്‍ക്കതീതമായി ഇന്നും പ്രായഭേദമന്യേ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, ഗണേഷ് കുമാര്‍, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, വിനയപ്രസാദ്, തിലകന്, നെടുമുടി വേണു തുടങ്ങി വലിയൊരു താര നിര അണി നിരന്ന സിനിമ വാണിജ്യപരമായി അക്കാലത്ത് വലിയ വിജയം കൊയ്ത സിനിമകളിലൊന്ന് കൂടിയാണ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചത് സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്.
‘മാളികപ്പുറത്തിനും നന്ദനത്തിനും മുമ്പ് ഇന്നേക്ക് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയെ രാജ്യന്തര മികവിലേയ്ക്ക് ഉയര്‍ത്തിയ ചിത്രം. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാല്‍ മലയാളചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. ഭക്തിയും കപട അന്ധവിശ്വാസങ്ങളും മനുഷ്യ മനസ്സുകളില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തുറന്നു പറഞ്ഞ ചിത്രം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന യഥാര്‍ത്ഥ ദുരന്തസംഭവമാണ് സിനിമയായി മാറിയത്.
തക്കലയ്ക്ക് അടുത്തുള്ള തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഷൂട്ട് ചെയ്ത ഒരേയൊരു മലയാള സിനിമ. ഫാസില്‍ പ്രിയദര്ശന് സിന്ദീഖ് ലാല്‍ സിബി മലയില്‍ എന്നീ അഞ്ചോളം സംവിധായകരുടെ കൈയൊപ്പും മോഹന്‍ലാലും സുരേഷ്ഗോപിയും ശോഭനയും തിലകനും പകര്‍ന്നാടിയ ചിത്രം സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഐതിഹാസിക മലയാള ചിത്രത്തോളം പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല എന്നാണ് വാസ്തവം…!’ എന്ന കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.