‘മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടനുണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്’ ; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന് ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെയാണ്. 1982ലാണ് കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയില്‍ മമ്മൂട്ടി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നത്. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തില്‍ എത്തുകയാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ പോലീസ് വേഷത്തെക്കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടിയും പോലീസ് വേഷങ്ങളും എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടന് ഉണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്. ഇപ്പോ ചിലര്‍ സുരേഷ് ഗോപിയെന്ന് പറഞ്ഞ് വരും, പക്ഷേ, ഒരു ചോദ്യം. ഈ സുരേഷ് ഗോപിയുടെ ഐക്കോണിക്ക് പോലീസ് റോള്‍ ആയ കമ്മീഷണര്‍ പോലെ ആണ് ഏകദേശ പോലീസ് വേഷങ്ങളും. അതില്‍ ഇച്ചിരി മാറ്റം ഉള്ളത് മിന്നല്‍ പ്രതാപന് മാത്രം ആണന്നും കുറിപ്പില്‍ പറയുന്നു.
പക്ഷേ, മമ്മൂട്ടി എന്ന നടന്റെ കാര്യം എടുത്താല്‍ ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സര് വരെ വ്യത്യസ്തത ഉണ്ടാവും. ധീരനായ ബല്‍റാം, തന്റേടിയായ രാജന് സക്കറിയ, സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകുന്ന ഡെറിക്ക് അബ്രഹാം, ശാന്തനും ഇച്ചിരി ഭയവും ഉള്ള മണി സാര്‍ എല്ലാം ഉണ്ടായത് ഒരാളില്‍ നിന്നാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ പ്രതീക്ഷകളെല്ലാം ഉള്ളത്കൊണ്ട് തന്നെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ക്രിസ്റ്റഫര്‍ ചിത്രത്തിലെ വേഷവും ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനെല്ലാം മികച്ച പ്രതികരണാമയിരുന്നു ലഭിച്ചത്. ആര്.ഡി. ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.