വയനാട്ടിലെ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’! മാതൃക
1 min read

വയനാട്ടിലെ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’! മാതൃക

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം.

പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഓണത്തിന്റെ മുന്നോടിയായി വയനാട്ടിലെ ആദിവാസി ഊരുകളില്‍ ഓണക്കോടി എത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്തത്. കൂടാതെ, വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചും വിതരണത്തില്‍ പങ്കുചേര്‍ന്നു. ചെതലത്ത് റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് മമ്മൂട്ടിയുടെ വക ഓണക്കോടികള്‍ വിതരണം ചെയ്തത്.

പദ്ധതിയുടെ വിതരണോദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി. എഫ്. ഓ ഷജ്‌ന. പി. കരീം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. അതേസമയം, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടി വിതരണം ചെയ്യുന്നതെന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു.

ആദിവാസി സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ പദ്ധതിയാണ് പൂര്‍വികം. കേരളത്തിലെ ആദിവാസി സഹോദരങ്ങള്‍ക്ക് വളരെയേറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പൂര്‍വികം എന്നും ഡി. എഫ്. ഓ. പ്രസ്താവിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു ഷാജി, ഫോറസ്റ്റ് അധികൃതര്‍ എന്നിവരും സംബന്ധിച്ചു.