‘മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്’; കുറിപ്പ് വൈറല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വര്‍ത്ഥം ആക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ അഭിനയ സപര്യയും.
ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രം നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആയിരുന്നു. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുകയാണ് ചിത്രത്തില്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചും മമ്മൂക്ക പറഞ്ഞ വാക്കുകളുമെല്ലാം കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കലയും കാലവും മാറുന്ന കാഴ്ചയും, മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും അവകാശി പ്രേക്ഷകരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
കലയും കാലവും മാറുന്ന കാഴ്ചയും;മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും അവകാശി പ്രേക്ഷകര്‍ -ശ്രീ. മമ്മൂട്ടി. റോഷാക് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയില്‍ എത്തിയ മലയാളികളുടെ സ്വന്തം മമ്മൂക്ക ,പ്രസ്തുത ചടങ്ങില്‍ പറഞ്ഞുനിര്‍ത്തിയ ചില കാര്യങ്ങളും നാളിതുവരെ ഉണ്ടായിരുന്ന നടപ്പ് വാര്‍പ്പ് രീതികളെയും പൊളിച്ചെഴുതി പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിന്റെ വലിയ വിജയവും മലയാളിയുടെ ചലച്ചിത്ര സമീപനവും ഭാവുകത്വവും ആസ്വാദന നിലവാരവും തന്നെ അപ്പാടെ പരിവര്‍ത്തിതമായിക്കഴിഞ്ഞിരുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഊട്ടിഉറപ്പിക്കുന്നത്.
‘പ്രേക്ഷകരാണ് സിനിമയെ നയിക്കുന്നവര്‍ ,സിനിമ ഏതു ദിശയിലേക്ക് സഞ്ചരിക്കണം ,സിനിമ ഏതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് പോലും പ്രസ്തുത കലയോട് ഏറ്റവും ആഭിമുഖ്യമുള്ള പ്രേക്ഷകരുടെ വിലയിരുത്തകള്ക്കനുപാതമായാണ്.ഇപ്പോഴത്തെ ആസ്വാദകര്‍ വര്‍ത്തമാനകാല സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും സിനിമയെ നോക്കി കാണാന്‍ പഠിച്ചു’..മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്,മാറ്റത്തിന്റെ ശംഖൊലിക്ക് ഇത്രമേല്‍ പ്രഹരശേഷി ശേഷിയുണ്ടെന്ന് സാധൂകരിക്കുന്നത് പരീക്ഷണ ചിത്രങ്ങളുടെ സാമ്പത്തിക വിജയങ്ങളാണ്.ഒരു കാലഘട്ടത്തിലെ സിനിമാസ്വാദനത്തിനെ തൃപ്തിപെടുത്താന്‍ സാധിക്കാതെ ബോക്സ് ഓഫിസില്‍ നിലപതിച്ച ദേവദൂതന് പോലെയുള്ള ചിത്രങ്ങള്‍ ഇന്നത്തെ പ്രേക്ഷകനെ നോക്കി നെടുവീര്പ്പെടുന്നുണ്ടാകണമെന്നും അജു റഹീം കുറിപ്പില്‍ പറയുന്നു.