ഇനി ചെകുത്താന്റെ വരവ്….! മലയാളത്തിലെ ഏറ്റവും വലിയ ചിത്രം “എമ്പുരാന് ” തുടക്കമായി
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ലൂസിഫര്‍. 2019 മാര്‍ച്ച് 19 നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്കുന്നിടത്താണ് ‘ലൂസിഫര്‍’ അവസാനിപ്പിച്ചത്.
പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടായ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്. കൊവിഡ് സാഹചര്യത്താല്‍ നീണ്ടുപോയ ചിത്രം അവസാനം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ദില്ലിയിലാണ് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന് പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ ദില്ലിയിലെത്തിയിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ശ്രീധരന് പിള്ളയടക്കം ഷൂട്ടിംഗ് പൂജയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത് എന്നാണ് വിവരം. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ദില്ലിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തും.
ജീത്തു ജോസഫ് ചിത്രം നേരിന്റെ ഡബ്ബിംഗ് അടക്കം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. നേരിന് രണ്ട് ദിവസം നീളുന്ന കൊച്ചി ഷെഡ്യൂളും ഉണ്ടെന്ന് അറിയുന്നു. ലഡാക്ക് ഷെഡ്യൂള്‍ തുടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. പിന്നീട് ഷെഡ്യൂള്‍ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ലെക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള ചിത്രമാണ് എമ്പുരാന്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ എത്തുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇത് പ്രഖ്യാപിക്കും. ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാനില്‍ പണം മുടക്കുന്നുണ്ട്. മലയാളം ഇതുവരെ കാണാത്ത കാന്‍വാസിലായിരിക്കും പൃഥ്വിരാജ് പൂര്‍ത്തിയാക്കുക. എമ്പുരാന് വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.