മുഹമ്മദ് നോട്ട് ഫ്രം ഖുറാൻ എന്ന് പേരിടാൻ ഇവർക്ക് ധൈര്യം വരുമോ; നാദിർഷയുടെ വിശദീകരണവും ചൂടേറിയ ചർച്ചയും
“ഈശോ സിനിമയുടെ 2nd motion poster ബുധനാഴ്ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക് എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് line മാത്രം മാറ്റും. അല്ലാതെ തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ. ‘കേശു ഈ വീടിന്റെ നാഥൻ ‘ഈശോ’ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക” – കഴിഞ്ഞദിവസം സംവിധായകനും നടനും മിമിക്രി കലാകാരനുമായ നാദിർഷ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണിത്. ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച് വിവാദങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് വിശദീകരണവുമായി നാദിർഷ തന്നെ രംഗത്തെത്തിയത്.
എന്നാൽ നാദിർഷയുടെ വിശദീകരണം വന്നതിന് തൊട്ടുപിന്നാലെ ഈ വിഷയത്തെ സംബന്ധിച്ച് വിവാദപരമായ പല പരാമർശങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അവയിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് സംവിധായകൻ അലി അക്ബറുടെ ഒരു പ്രസ്താവനയാണ്. “ഈശോ not from bible ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് not from khuran എന്ന് പേരിടാൻ ഇവർക്ക് ധൈര്യം വരുമോ?” എന്ന കുറച്ചുകൊണ്ടാണ് അലി അക്ബർ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്.വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ മതപരമായ ചേരിതിരിവും സജീവമാകുന്നത് ദുഷ്കരമായ ഒരു കാഴ്ചയായി ശേഷിക്കുന്നു.