സൂര്യയ്ക്ക് ഒപ്പം ദുൽഖർ, ‘സൂര്യ 43’ പ്രഖ്യാപിച്ചു,
മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരുപക്ഷെ ദുല്‍ഖറിനെ പോലെ എല്ലാ ഭാഷയിലും ഒരുപോലെ സ്വീകാര്യനായ മറ്റൊരു നടന്‍ ഇന്നുണ്ടാകില്ല. ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറികൊണ്ടിരിക്കുന്ന ദുൽഖറിന്റെ സിനിമകളെല്ലാം തന്നെ പാൻ ഇന്ത്യൻ തലത്തിൽ റീച്ച് ഉണ്ടാക്കിയവയാണ്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ ദുൽഖർ നേടി കഴിഞ്ഞു. അടുത്തിടെ സൂര്യയുടെ കൂടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു . തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമയാണ് ‘സൂര്യ 43’.
https://fb.watch/nX7fHl7Mwt/?mibextid=Nif5oz
നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായിരിക്കുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇദ്ദേഹത്തിന്‍റെ നൂറാമത്തെ ചിത്രം കൂടിയാണിത്. വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അതേസമയം, അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ ‘പുറനാന്നൂറ് (Purananooru)’, എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണോ ചിത്രത്തിന്‍റെ പേര്, അതോ സസ്പെന്‍സ് ഉണ്ടോ എന്ന് വരുംദിനങ്ങളില്‍ അറിയാനാകും. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാന്നൂറ് ‘. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ആക്ഷന്‍ ത്രില്ലര്‍ ജോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റില്‍ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, പുറനാന്നൂറില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥി ആയാണ് എത്തുന്നതെന്നാണ് വിവരം. ഇതിനായി സൂര്യ ശരീര ഭാരം കുറച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം സൂര്യ ഈ ഗെറ്റപ്പില്‍ തന്നെ ആയിരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ദുൽഖറിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കിംഗ് ഓഫ് കൊത്തയായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. വൻ ഹൈപ്പോടെയായിരുന്നു ചിത്രമെത്തിയത്. എന്നാൽ ആ ഹൈപ്പ് ചിത്രം ഇറക്കിയപ്പോൾ നിലനിർത്താൻ സാധിച്ചില്ല.