‘പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, നല്ല ഭംഗിയായിരിക്കുന്നു എന്ന കമന്റുകള്‍ തന്നെ അലോസരപ്പെടുത്താറുണ്ട്’ ; കാരണം പറഞ്ഞ് ദുല്‍ഖര്‍
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈല്‍ ഉള്ള നടന്മാരില് ഒരാളാണ് മെഗാസ്റ്റാറിന്റെ മകന് കൂടിയായ ദുല്‍ഖര്‍ സല്മാന്. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം.
ഇപ്പോഴിതാ, മലയാള സിനിമയില്‍ ലുക്കിന് പ്രധാന്യമില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. കഥാപാത്രത്തിന് യോജിച്ചതായിരിക്കണം നടന്റെ ലുക്കെന്നും, ഒരു വിശ്വാസ്യത തോന്നണം, അത്രയേ ഉള്ളൂവെന്നും പറയുകയാണ് താരം. ചാമിങ് എന്ന വിശേഷണം കൊണ്ട് ആളുകള്‍ ഒരു സീരിയസ് നടനായി കണക്കാക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടോ’ എന്ന ചോദ്യത്തോടാണ് ദുല്‍ഖര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തനിക്കൊരു അര്‍ബന്‍/മെട്രോ ലുക്കുണ്ട്.
താന്‍ ഗുഡ് ലുക്കിങ് ആണെന്ന് സ്വയം ചിന്തിക്കാനും അംഗീകരിക്കാനും തനിക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടുണ്ട്. തന്നെ കാണാന്‍ നല്ല ഭംഗിയുള്ളതു കൊണ്ട് തന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. വളരെ ചാമിങ് ആണ്, കണ്ണിന് കുളിരാണ് എന്നൊക്കെ കമന്റുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നും എന്നല്ലാതെ അതില്‍ കൂടുതല്‍ ഒന്നും തോന്നാറില്ലെന്നും ദുല്‍ഖര്‍ തുറന്നു പറഞ്ഞു. എന്നാല്‍ തന്നെ പ്രശംസിച്ചു പറയുന്ന ചില കമന്റുകള്‍ തനിക്ക് വലിയ സന്തോഷം തരാറില്ല.
വ്യത്യസ്തമായ റോളുകള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദമാണ് അവ തരുന്നത്. പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, നല്ല ഭംഗിയായിരിക്കുന്നു എന്ന കമന്റുകള്‍ അലോസരപ്പെടുത്താറുണ്ട്. കാരണം എനിക്ക് ഈ ‘പതിവ് പോലെ’ ആകേണ്ട. ബാക്കി എല്ലാത്തിലും കൊള്ളാം, പക്ഷെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതൊന്നും തന്റെ കൈയ്യില്‍ ഇല്ല എന്ന് പറയും പോലെയാണ് അങ്ങനെ കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.