
മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; ദൃശ്യം ഹോളിവുഡിലേക്ക്
ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ എത്തി 2013 പ്രദർശനത്തിന് എത്തിയ മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ ഒരു മലയോര കർഷകനായ പ്രത്യക്ഷപ്പെടുന്നു. മീനയാണ് അദ്ദേഹത്തിൻറെ ഭാര്യയായി അഭിനയിച്ചത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. 150 പരം ദിവസങ്ങളിലായിരുന്നു ചിത്രത്തിൻറെ ആദ്യ പതിപ്പ് പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ഇനി രാജ്യാന്തര തലത്തിലേക്ക് ഉയരുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇതിനോടകം തന്നെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗത്തിന് വലിയ ആരാധകർ തന്നെയാണ് ഉള്ളത്. ദൃശ്യം ഒന്ന്, രണ്ട് ഭാഗങ്ങൾ ഇംഗ്ലീഷിലേക്കും മറ്റ് വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയാണ് എന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ദൃശ്യം ഫ്രാഞ്ചൈസികളുടെ അവകാശം പനോരമ സ്റ്റുഡിയോസ് ഇൻറർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയെന്നാണ് വിവരം. ഫെബ്രുവരി എട്ടിനാണ് പനോരമ സ്റ്റുഡിയോസ് ഇൻറർനാഷണൽ ലിമിറ്റഡ് ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ ഇംഗ്ലീഷിലേക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷയിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയത്. ദൃശ്യം രണ്ട് ഹിന്ദി സിനിമയുടെ വൻ വിജയത്തിന് ശേഷം പനോരമ സ്റ്റുഡിയോസ് ഇൻറർനാഷണൽ ലിമിറ്റഡ് മലയാള ചിത്രങ്ങൾ ആയ ദൃശ്യം, ദൃശ്യം രണ്ട് എന്നിവയുടെ അവകാശം വിവിധ ഭാഷകളിൽ സ്വന്തമാക്കിയതായി അറിയിച്ചിരുന്നു.
കൊറിയൻ, ജാപ്പനീസ് ഭാഷകളിലും ഹോളിവുഡിലും ചിത്രം നിർമ്മിക്കാനുള്ള ചർച്ചകളിലാണ് തങ്ങൾ എന്ന് പനോരമ സ്റ്റുഡിയോസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം തിയേറ്ററിൽ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം ഓ ടി ടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആയിരുന്നു ദൃശ്യം രണ്ടിന്റെ റിലീസ്. 2022ൽ റിലീസ് ആയ രണ്ടാം ഭാഗം ഹിന്ദി റിലീസിന് 250 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസുകളിൽ നിന്ന് ലഭിച്ചത്. എസ്തർ അനിൽ, അൻസിബ ഹസൻ, ആശാ ശരത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരു അച്ഛൻറെ കഥയാണ് ചിത്രം പറഞ്ഞത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റീമേക്ക് ചെയ്തത്. ഇപ്പോൾ ചിത്രം ഹോളിവുഡിൽ നിർമ്മിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകർ. താരത്തിന്റെ കരിയറിലെയും മലയാള സിനിമയിലെയും എക്കാലത്തെയും മികച്ച നേട്ടങ്ങളിൽ ഒന്നാകും ഇതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നുമുണ്ട്.