എനിക്ക് അമ്മയെ പോലെ ഒരു പെണ്ണിനെ വേണം എന്ന എഴുതുമ്പോൾ അവരോട് ഇത്തിരി മര്യാദയ്ക്ക് പെരുമാറാനുള്ള മാന്യത കാണിക്കാൻ… ബെബറ്റോ തിമോത്തി എഴുതുന്നു
മാതൃദിനത്തിൽ അമ്മമാരോട് ഉള്ള സ്നേഹം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ് തുളുമ്പുകയാണ്.എന്നാൽ ഒരു പരിധിവരെ മാതൃത്വത്തെയും അമ്മ സങ്കൽപത്തെയും അതിശയോക്തിയോടെ കാലങ്ങളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അത്തരം പ്രവണതകളെ ഇക്കാലത്ത് ചോദ്യം ചെയ്യുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നതും പ്രതീക്ഷയുടെ ഒരു തിരി നാളം തന്നെയാണ്. ഇപ്പോഴിതാ തൃശ്ശൂർ സ്വദേശിയും ഡോക്ടറുമായ ബെബറ്റോ തിമോത്തി മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏവരും തട്ടി കളിക്കാറുള്ള അമ്മ സങ്കല്പ സിദ്ധാന്തങ്ങളെല്ലാം ബെബറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. നിരവധി സാമൂഹിക വിഷയങ്ങളിൽ തന്റെ ശക്തമായ നിലപാടുകൾ അറിയിച്ചുകൊണ്ടുള്ള ഡോക്ടർ ബെബറ്റോയുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ വേറിട്ട രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ബെബറ്റോ തിമോത്തി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “മാതൃദിനത്തെ പറ്റി ഓർക്കുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള ആൺ വർഗ്ഗത്തിന് ആദ്യം തോന്നേണ്ട വികാരം കുറ്റബോധമാണ്.
കൊച്ച് കുഞ്ഞായിരിക്കുമ്പോൾ മുതൽ അവരുടെ വിയർപ്പും ത്യാഗവുമെല്ലാം ഊറ്റിയെടുത്തിട്ട് പഠിച്ച്, വളർന്ന സമൂഹമാണ്.”ഇതൊക്കെ ഞാൻ ഒറ്റയ്ക്ക് നേടി” എന്ന അഹങ്കാരം ആദ്യം ഇല്ലാതാവണം. ഒരാളും ഒന്നും ഒറ്റയ്ക്ക് നേടുന്നില്ല. അറിഞ്ഞോ അറിയാതെയോ സമൂഹത്തിന്റെ പല ഭാഗത്ത് നിന്നും സഹായങ്ങൾ വരുന്നുണ്ട്. അതിൽ ഏറ്റവും വലുതാണ് മാതാപിതാക്കളുടെ പിന്തുണ.ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനുള്ള പ്രിവിലേജ് മാത്രമല്ല അത്. ഒരുപാട് ത്യാഗങ്ങളുണ്ട്. മക്കൾ എന്ന ആക്സിസിന് ചുറ്റും വലം വെയ്ക്കുന്ന ജീവിതങ്ങളുണ്ട്.ഫൈനാൻഷ്യൽ സപ്പോർട്ടിൽ മാത്രം കൊണ്ട് വന്ന് കെട്ടേണ്ട ഒന്നല്ല അത്. അൺ പെയ്ഡ് ലേബറായി, ത്യാഗമായി ഗ്ലോറിഫൈ ചെയ്യപ്പെടുന്ന കുറേ ജന്മങ്ങളുണ്ട്.
“എനിക്ക് അമ്മയെ പോലെ ഒരു പെണ്ണിനെ വേണം” എന്ന കാവ്യാത്മകമായി എഴുതുമ്പോൾ അമ്മയെ പോലെ വെച്ച് വിളമ്പുന്ന, തുണിയലക്കുന്ന, ഡൊമസ്റ്റിക് പണികൾ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ഒരു വ്യക്തിയെയാണ് പലരും ആഗ്രഹിക്കുന്നത്. ദാമ്പത്യ ജീവിതം എന്ന് പറയുമ്പോൾ അമ്മയ്ക്ക് നേരിടേണ്ടി വന്ന നീതിനിഷേധങ്ങൾ ആവർത്തിക്കാനുള്ള അവസരമായിട്ടല്ല, തിരുത്താനുള്ള അവസരമായിട്ടാണ് കാണേണ്ടത്. ഭക്ഷണം, career, യാത്രകൾ, സൗഹൃദങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ വിട്ട് വീഴ്ച ചെയ്തിട്ടാണ് എന്നെയും നിങ്ങളെയുമൊക്കെ അമ്മമാർ വളർത്തിയെടുത്തിട്ടുള്ളത്. ആ കുറ്റബോധം ഉള്ളിൽ കിടന്ന് നീറട്ടെ. ബാക്കിയുള്ള കുറച്ച് സമയമെങ്കിലും അവരോട് ഇത്തിരി മര്യാദയ്ക്ക് പെരുമാറാനുള്ള മാന്യത കാണിക്കാൻ അതൊരു പ്രചോദനമാകട്ടെ.