ആഗ്രഹം തിയറ്റർ റിലീസാണ്, പക്ഷെ അവസ്ഥ… പ്രിയദർശൻ പറയുന്നു
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം എന്ന നിലയിൽ ഏറെ പ്രശസ്തി ആർജ്ജിച്ചിട്ടുള്ളതും ദേശീയ അവാർഡിന്റെ നിറവിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം എന്ന നിലയിലും ഇതിനോടകം വളരെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നാളുകളായി ഈ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വലിയ ചർച്ചകളും ചെറിയ തോതിലുള്ള വിവാദങ്ങളും സിനിമാപ്രേമികൾ ഇതിനോടകം കണ്ടു കഴിഞ്ഞു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും എന്നാൽ മികച്ച തീയേറ്റർ അനുഭവം ആകേണ്ട ചിത്രം തീർച്ചയായും തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും നിർമാതാക്കളുടെയും സംവിധായകൻ പ്രിയദർശന്റെയും ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തീയറ്റർ വ്യവസായത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചതോടെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന അന്തിമതീരുമാനം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ തിയേറ്ററുകളിൽ വലിയ ആഘോഷത്തോടെ ഈ ചിത്രം കാണാൻ ഇതുവരെ കാത്തിരുന്ന വലിയ പ്രേക്ഷക സമൂഹത്തിന് നിരാശയാണ് ഫലം. ചിത്രത്തിന്റെ തിയേറ്റർ റിലീസിനെ സംബന്ധിച്ച് മന്ത്രി വരെ ഒടുവിൽ ഇടപെടുകയും ചെയ്തു.
തുടരെത്തുടരെയുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ പറ്റി സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായരിക്കുകയാണ്. ”15 കോടി രൂപ ഓഫർ ആന്റണി അങ്ങീകരിച്ചു അതിന്റെ ഒപ്പം തിയറ്ററുകാർക്ക് ലാഭം ഉണ്ടായാൽ അതിൽ നിന്ന് പത്ത് ശതമാനം ചോദിച്ചു നഷ്ട്ടം വന്നാൽ ഒന്നും തരണ്ട എന്ന് മാത്രമാണ് ആന്റണി പറഞ്ഞത് അത് സ്വീകരിക്കാൻ പോലും അവർക്ക് വയ്യ..! നഷ്ട്ടം വന്നാലും തിയറ്ററിൽ ഇറക്കണം എന്നാണ് ലാലിന്, ലാലിന്റേയും എന്റെയും ആന്റണീടേം ആഗ്രഹം തിയറ്റർ റിലീസാണ്, പക്ഷെ അവസ്ഥ ഇതാണ്” പ്രിയദർശൻ പറയുന്നു.