‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ ‘ ; റോഷാക്ക് സിനിമയെക്കുറിച്ച് സംവിധായകന് നിസാം ബഷീര്‍
പ്രഖ്യാപനസമയം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണര്‍ത്തിയാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന് നീസാം ബഷീര്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് വായിച്ചെടുത്താല്‍ നല്ല ഫിക്ഷണല്‍ സ്റ്റോറിയായി ഫീല്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
ഒന്നിനൊന്നു വ്യത്യസ്തരായ കുറെ കഥാപാത്രങ്ങളുടെ പ്രവര്‍ത്തികളാണ് സിനിമയില്‍ കാണിക്കുന്നത്. ഇതാണ് ഇയാളുടെ സ്വഭാവമെന്ന് എവിടെയും പറയുന്നില്ല. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തിയിലൂടെ പ്രേക്ഷകര്‍ അത് കണ്ട് മനസിലാക്കിയെടുക്കണം. ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ. ചിലര്‍ക്ക് തോന്നും ഇയാള്‍ നായകനാണ്, നല്ലയാളാണ് എന്നൊക്കെ. ചിലര്‍ക്ക് തോന്നും ഇയാള്‍ മോശമാളാണെന്ന്. കാണുന്ന പ്രേക്ഷരുടെ പേഴ്സണാലിറ്റിയും ഐഡിയയും പോലെയിരിക്കും ഇവര്‍ നല്ലവരാണോ ചീത്ത ആളുകളാണോയെന്നൊക്കെ തോന്നുന്നതും ഇവരുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നതുമെല്ലാമെന്ന് നിസാം ബഷീര്‍ പറയുന്നു.
ഫ്രഷ് പ്ലോട്ടാണ്. ഫ്രഷ് കഥയാണ്. ആളുകള്‍ അത് എങ്ങനെയെടുക്കും എന്നൊരു ടെന്‍ഷനുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത് വിശദമാക്കുന്ന ഒരു സിനിമയല്ല ഇത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് വായിച്ചെടുത്താല്‍ നല്ല ഫിക്ഷണല്‍ സ്റ്റോറിയായി ഫീല്‍ ചെയ്യും. എഡ്ജ് ഓഫ് എ സീറ്റ് സിനിമയൊന്നുമല്ല. നമുക്ക് റിലാക്സ് ചെയ്തു കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ്. പക്ഷെ കുറച്ചു ചിന്ത കൂടി കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കണം, ഡീറ്റെയില്‍ ശ്രദ്ധിക്കണം, ഫ്രഷ് & ക്ലിയര്‍ മനസ്സോടെ മറ്റൊന്നില്ലേക്കും ശ്രദ്ധ തെറ്റാതെ ഇരുന്ന് കാണാന്‍ പറ്റിയാല്‍ ഇതൊരു നല്ലൊരു തീയേറ്റര്‍ അനുഭവം ആയിരിക്കുമെന്നും നീസാം ബഷീര്‍ വ്യക്തമാക്കുന്നു.
അതേസമയം ചിത്രത്തിന്റെ പുതിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ആസിഫ് അലി, ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.