ഉപേക്ഷിച്ചില്ല! ‘പറക്കും പപ്പന്’ എത്തും! ജനപ്രിയ നായകനാകാൻ ദിലീപ്! ; സ്ഥിരീകരിച്ച് അണിയറ പ്രവര്‍ത്തകര്‍
ജനപ്രിയ നടന് ദിലീപിനെ നായകനാക്കി വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പറക്കും പപ്പന്’ . പ്രഖ്യാപനം വന്ന അന്ന് മുതല്‍ ചിത്രത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ, ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊടുത്തിരുന്നത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ചിത്രം തിയേറ്ററില്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ, വീണ്ടും ചിത്രത്തെ കുറിച്ച് ചില സൂചനകള്‍ തന്നിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പാതി വഴിയില്‍ ഉപേക്ഷിച്ചെന്ന് കരുതിയ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. വാര്‍ത്ത പുറത്തു വന്നതോടു കൂടി വളരെ സന്തോഷത്തിലാണ് ആരാധകര്‍. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം, നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ‘എ മില്ല്യണ്‍ തിംഗ്സ്’ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ജന ശ്രദ്ധ നേടിയ ആളാണ് വിയാന്‍ വിഷ്ണു. വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഏക് ദിന്. സെവന്ത് ഡേ, സിന്‍ജാര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷിബു ജി സുശീലന് നിര്‍മ്മിച്ച ചിത്രമാണിത്. കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍, നന്ദന് ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് ഒരു പാട്ട് ആലപിച്ചതും.
ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വര്‍ഷത്തിലേറെ വരുന്ന അധ്വാനത്തിന്റെ ഫലമാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. 120 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കൊച്ചിലും മുംബൈയിലുമായിരുന്നു ലൊക്കേഷന്‍. ബി കെ ഹരിനാരായണന്, വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ദീപക് റാം എന്നിവരുടെ വരികള്‍ക്ക് നവാഗതനായ ജോസ് ഫ്രാങ്ക്ലിന് ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നത്. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യന്, വിധു പ്രതാപ്, ഹിഷാം അബ്ദുള്‍ വഹാബ്, സച്ചിന് വാര്യര്‍, ഭദ്രാ റജിന്, ഉണ്ണി മുകുന്ദന് എന്നിവരാണ് ചിത്രത്തിന് വേണ്ടി പാട്ട് ആലപിച്ചിരിക്കുന്നത്.