fbpx

ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ബിരിയാണി എന്ന ചിത്രത്തെക്കുറിച്ച് സി. എ സുരാജ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച വിമർശനാത്മകമായ കുറിപ്പ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. വിശദമായ ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, ഒട്ടനവധി അവാർഡുകൾ വാരി കൂട്ടി, പ്രയാണം തുടർന്നു കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി.ഒരുപാട് രുചികൂട്ടുകൾ കൃത്യ സമയത്ത് കൃത്യമളവിൽ ചേർത്തുണ്ടാക്കുന്നൊരു വിഭവമാണ് ബിരിയാണി. ബിരിയാണിയെന്ന പേരൊഴിച്ച്, അതിന്റെ രുചിയുൾപ്പടെ മറ്റെല്ലാം അപ്രത്യക്ഷമാവാൻ, ഈ കൃത്യതയിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിച്ചാൽ മതിയാവും! ഇത്തരത്തിൽ, രുചികൂട്ടുകളുടെ കാര്യത്തിൽ ബിരിയാണിയെന്ന ചലച്ചിത്രത്തിന് എത്രത്തോളം കൃത്യത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വലിയ ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്!സ്ത്രീ, മതം, ലൈംഗീ.കത, തീവ്ര.വാദം, വേ.ശ്യാവൃത്തി തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെ പറ്റിയാണ് സിനിമ പറഞ്ഞു പോവുന്നത്. നമ്മുടേത് പോലൊരു സമൂഹത്തിൽ, തൊട്ടാൽ കൈ പൊള്ളുമെന്നുറപ്പുള്ള വിഷയങ്ങളാണ് ഇവയെല്ലാം.എന്നാലൊന്നുറപ്പാണ്, ആരുടേയും കൈ പൊള്ളിക്കാതെ തന്നെ ഈ സിനിമ കടന്നു പോവും! മൃഗീയമായി പൊള്ളലേൽപ്പിക്കുന്നവയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമർശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം.

ഇസ്ലാം മത വിമർശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരക തുല്യ ജീവതമോ ആയിരുന്നു സിനിമ പറയാൻ ആഗ്രഹിച്ചിരുന്നതെങ്കിൽ, സിനിമയതിൽ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ. ഇസ്ലാം പശ്ചാത്തലമില്ലാതെയും ഇതേ കഥ അവതരിപ്പിക്കാൻ കഴിയുമോ എന്നൊന്ന് നോക്കിയാൽ മതി ഇത് ബോധ്യപ്പെടാൻ!സമൂഹ്യ വിപത്തുകളുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്നായ മതത്തെ എവിടെയാണ് സിനിമ കൃത്യമായി വിമർശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്നാൽ ഒന്നുണ്ട്, തീവ്ര.വാദം എന്ന വിഷയം കൈകാര്യം ചെയ്തു കൊണ്ട് മതവും “നല്ലവിശ്വാസികളും” തീവ്ര.വാദം പോലുള്ള ഒന്നിന് ഉത്തരവാദികളല്ലെന്ന് വളരെ കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട് സിനിമ. അതായത് “നല്ലവിശ്വാസി”കളല്ലാത്ത “തീവ്രവിശ്വാസി”കളുടെ മാത്രം കുഴപ്പമാണ് തീവ്ര.വാദം പോലുള്ള മനുഷ്യത്വ രഹിതമായവ. അതിൽ മതത്തിന് യാതൊരു പങ്കുമില്ലെന്ന്!

താൻ സംതൃപ്തയായില്ലെന്ന് ഭർത്താവിന് മുന്നിൽ പ്രകടിപ്പിക്കാൻ, അവിടെ വെച്ചു തന്നെ സ്വയം.ഭോഗം ചെയ്യാൻ, ഭർത്താവിന് ഇഷ്ടമില്ലെങ്കിലും തന്റെ വീട്ടിലേക്ക് താൻ പോവുമെന്നുറച്ച തീരുമാനമെടുക്കാനും, അത് നടപ്പിലാക്കാനും കഴിവുള്ള ഖദീജയും, പുരുഷന്മാർ ഉൾപ്പെടുന്ന ഒരു വീടിനെ ഒന്നടങ്കം തന്നെ ഭരിക്കാൻ കഴിവുള്ള ഖദീജയുടെ ഭർതൃമാതാവും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇസ്ലാമിലെ ഏത് സ്ത്രീകൾക്കാണ് ഇതൊക്കെ ചെയ്യാൻ കഴിയുകയെന്നുള്ളത് മറ്റൊരു ചോദ്യം തന്നെയാണ്! ഇത്രയും ധൈര്യമുള്ള ഖദീജ തന്നെയാണ് പിന്നീട് ഭർത്താവിൽ നിന്നും ഫോണിലൂടെ തലാഖ് ലഭിക്കുമ്പോൾ, ഒന്നും പ്രതികരിക്കാതെ, അവകാശപ്പെട്ട ജീവനാംശത്തിന് വേണ്ടി പോലും ശബ്ദമുയർത്താതെ നിശബ്ദയായി നിൽക്കുന്നതും, സിനിമയുടെ അവസാന ഭാഗത്ത് ആത്മ.ഹത്യക്ക് ശ്രമിക്കുന്നതും!

ഒരു മുസ്‌ലിം സ്ത്രീക്ക് ഇതിനൊന്നും കഴിയില്ലെന്നാണ് സിനിമ പറയുന്നതെങ്കിൽ, സിനിമയുടെ ആദ്യ ഭാഗങ്ങളിൽ കാണിക്കുന്ന കാര്യങ്ങളും ഒരു മുസ്‌ലിം സ്ത്രീക്ക് ചെയ്യാൻ കഴിയില്ലെന്ന് സമ്മതിക്കേണ്ടി വരും!ഇടക്ക് വെച്ച് തന്റെ സ്വന്തമിഷ്ട്ട പ്രകാരം വേ.ശ്യാവൃത്തിയിലേക്ക് പോവുന്നുണ്ട് ഖദീജ. ആരെങ്കിലും മനപ്പൂർവം ഖദീജയെ ഒരു വേശ്യയാക്കുന്നതൊന്നുമല്ല. സ്വന്തമിഷ്ട്ടത്തിന് തിരഞ്ഞെടുക്കുന്ന തൊഴിലു തന്നെയാണത്. വേ.ശ്യാവൃത്തിയിലുള്ള സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും, പീഡനങ്ങളും സിനിമ നല്ല കടുത്ത ഭാഷയിൽ സംസാരിച്ചു പോവുമെന്നാണ് അപ്പോൾ ധരിച്ചത്. എന്നാലിവിടേയും സിനിമ നിരാശ മാത്രമാണ് സമ്മാനിച്ചത്!സമൂഹമെങ്ങനെയാണ്‌ വേ.ശ്യാവൃത്തിയിലുള്ള സ്ത്രീകളെ നോക്കി കാണുന്നതെന്നോ, അവരെയെങ്ങനെയാണ്‌ സമൂഹം തിരസ്‌ക്കരിക്കുന്നതെന്നോ കാണിച്ചു തരാനുള്ള അവസരവും സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. ഇത് കേവലം ചില പോലീസ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ഒതുക്കുകയാണ്‌ സിനിമയിവിടെ ചെയ്യുന്നത്. ചില സമയങ്ങളിൽ ഖദീജയുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് കാരണം അവളുടെ മതമോ, ലിംഗമോ, ഒന്നും തന്നെയല്ല പകരം സാമ്പത്തിക സ്ഥിതി മാത്രമാണെന്ന് പോലും തോന്നിപ്പിക്കുന്നുണ്ട് സിനിമ.

ഖദീജ ഗർഭധാരണം നടത്തുന്നുണ്ട് സിനിമയിൽ. താൻ പോലുമറിയാതെ താൻ ഗർഭിണിയായിരിക്കുന്നുവെന്നാണ് ഖദീജ തന്നെ അതിനെ പറ്റി പറയുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് തീർത്തും ആകസ്‌മികമായി യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, വേണ്ട ആലോചനകളില്ലാതെ, നടന്നൊരു ഗർഭധാരണമാണ് അതെന്നുറപ്പാണ്. ഇതിനെ തുടർന്ന്, തന്റെ പ്രിയപ്പെട്ടൊരാളെ വിളിച്ചു വരുത്തുന്നുണ്ട് ഖദീജ. കുഞ്ഞിനെ വളർത്താൻ പോയിട്ട് തനിക്കൊന്ന് പട്ടിണിയില്ലാതെ ജീവിക്കാൻ പോലും കഴിയാത്ത സാമ്പത്തിക സ്ഥിതിയാണ്‌ ഖദീജയുടേത്. അങ്ങനെയുള്ളൊരു ഖദീജ, ഗർഭച്ഛിദ്രം നടത്താനായുള്ള സഹായത്തിനായാവും അയാളെ വിളിച്ചു വരുത്തിയതെന്ന് വിചാരിക്കുമ്പോഴേക്കും ആ ധാരണയേയും തെറ്റിച്ചു കളഞ്ഞു കൊണ്ടാണ് സിനിമ പിന്നീട് മുന്നോട്ടു പോവുന്നത്.

കുഞ്ഞിനെ വളർത്താൻ വേണ്ട സാമ്പത്തിക സ്ഥിതിയുൾപ്പടെയുള്ള ഒരു സാഹചര്യവുമില്ലെങ്കിലും വേണ്ടില്ല കുഞ്ഞിനെ ജനിപ്പിച്ചു കൊള്ളണമെന്ന് വാദിക്കുന്ന നമ്മുടെ പൊതുബോധ ചിന്തയെയാണ്‌ അവിടെ കാണാൻ കഴിഞ്ഞത്. ഈ പൊതുബോധത്തെ ശക്തമായി നിഷേധിക്കാൻ കഴിയുമായിരുന്ന ഒരു രംഗമായിരുന്നുവത്. ഒരു സ്ത്രീ തനിക്ക് അബോർഷൻ വേണമെന്നാവശ്യപ്പെട്ടു കൊണ്ട്, നമ്മുടെ ആശുപത്രികളിൽ കയറി ചെല്ലുമ്പോൾ അവിടെ നിന്നും നേരിടേണ്ടി വരാവുന്ന പ്രതികൂല സാഹചര്യങ്ങളേയും, ഡോക്ടർമാരുടേയും സമൂഹത്തിന്റേയും ചൂഷണങ്ങളും, വരച്ചു കാണിക്കാമായിരുന്ന സിനിമ അതിനും മുതിരുന്നില്ല.

എല്ലാവരെയും വിളിച്ചൊരു വിരുന്നു നൽകുകയെന്ന ലക്ഷ്യവുമായി അപ്പോഴും ഖദീജ മുന്നോട്ടു പോവുകയാണ്. അങ്ങനെയവസാനം സമൂഹത്തിലും മതത്തിലുമുള്ള “ഉന്നതരെ” വിളിച്ചു വരുത്തികൊണ്ട് ബിരിയാണിയും മറ്റും വിളമ്പുകയാണ് ഖദീജ ചെയ്യുന്നത്. വെറും ബിരിയാണിയല്ല സ്വന്തം ചാപിള്ളയെ കൂടി ചേർത്തുണ്ടാക്കിയ ബിരിയാണി! എങ്ങനെ നോക്കിയാലുമത് കഴിക്കാൻ യോഗ്യതയുള്ളവർ അതിലെ ചിലർ മാത്രമാണ്. എന്നാൽ അവർക്കു മാത്രമല്ല, തന്റെ കസ്റ്റമേഴ്‌സ് ആയിരുന്നവർക്കും, സിനിമയിലപ്പോൾ വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തവർക്ക് പോലും വിളമ്പുന്നുണ്ട് ഈ ബിരിയാണി.

എന്തിനായിരുന്നുവതെന്ന ചോദ്യമവിടെ ബാക്കിയാണ്! തന്റെ ജീവിതം നശിപ്പിച്ചവരെ വിളിച്ചാ ബിരിയാണി കഴിപ്പിക്കണമെന്ന് പറയുന്നതിന് പകരം സമൂഹത്തിലെ “ഉന്നതരെ” വിളിച്ചാ ബിരിയാണി കഴിപ്പിക്കണമെന്നാണ് ഖദീജ പറയുന്നത്. ഇത് കൊണ്ടെന്താണ് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല!ആത്മ.ഹത്യ ചെയ്യാനുള്ള ധൈര്യമില്ലെന്ന് പറയുന്ന അതേ ഖദീജ പിന്നീട് ആത്മ. ഹത്യക്ക് ശ്രമിക്കുന്ന രംഗമാണ് സിനിമയിൽ കാണിക്കുന്നത്. നിലവിലെ അവസ്ഥയെക്കാളുമെത്രയോ മോശമവസ്ഥ ജീവിതത്തിലുണ്ടായിരുന്നപ്പോഴും അത് ചെയ്യാതിരുന്ന ഖദീജ എന്തിനായിരുന്നുവത് ചെയ്തതെന്ന് സിനിമ പറയുന്നുമില്ലതാനും!

വേശ്യാ,വൃത്തിയുൾപ്പടെ താൻ ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന തോന്നലായിരുന്നോ അതിന് പിന്നിൽ? തനിക്കിവിടെ ജീവിച്ചു മടുത്തുവെന്ന തോന്നലായിരുന്നോ അതിന് പിന്നിൽ? തനിക്കിവിടെയിനിയൊന്നും തന്നെ ചെയ്യാനില്ലെന്ന തോന്നലായിരുന്നോ അതിന് പിന്നിൽ?സിനിമ മതത്തെ തൊട്ടിട്ടില്ലെന്ന് നൂറു ശതമാനമുറപ്പാണ്. ആകെ ചെയ്തിട്ടുള്ളത് വിവാഹ പ്രായമുയർത്തുക പോലുള്ള മത പരിഷ്കരണ തന്ത്രങ്ങൾ ആ ഉദ്ദേശത്തിലല്ലെങ്കിലും പറഞ്ഞു പോവുകയും, മത പൗരോഹത്യത്തെ വിമർശിച്ചു പോവുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. മതമല്ല മത പൗരോഹത്യമാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നമെന്ന് വാദിച്ചു കൊണ്ട് മതത്തെ താലോലിച്ചിരിക്കുന്നവർക്കും, മതത്തെ ശക്തിയുക്തം മുന്നോട്ടു കൊണ്ടു പോവാനായി, മത പരിഷ്ക്കരണം വേണമെന്നാവശ്യപ്പെടുന്നവർക്കും ഇതൊരുപക്ഷെ ദഹിച്ചെന്നു വരാം, ഗുണകരമായെന്നും വരാം.!

മതമുൾപ്പടെയുള്ള സമൂഹത്തിലെ ഒരുപറ്റം മാലിന്യങ്ങളെ കുറിച്ച്, സിനിമ പറയാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് നേര് തന്നെ. എന്നാൽ, അതൊന്നും വേണ്ട വിധത്തിൽ പറഞ്ഞു പോവാൻ സിനിമക്കായില്ലെന്നതാണ് വാസ്തവം. ഇങ്ങനെയൊരു രീതിയിൽ സിനിമ അവതരിപ്പിച്ച അണിയറ പ്രവർത്തകരും, മികച്ച അഭിനയം കാഴ്ച്ചവെച്ച അഭിനേതാക്കളും അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നാൽ, സിനിമയിലെ കഥാപാത്ര സൃഷ്ട്ടികളും, അഡ്രസ്സ് ചെയ്യേണ്ടിരുന്ന വിഷയങ്ങളെ മറന്നു കൊണ്ടുള്ള സിനിമയുടെ ഒഴുക്കും, സിനിമ പറഞ്ഞു പോയ കാര്യങ്ങളും, പുരോഗമനമായിരുന്നു സിനിമയെന്ന അവകാശവാദത്തിന് വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കുക തന്നെ ചെയ്തിട്ടുണ്ട്.NB : അഭിപ്രായം തീർത്തും വ്യക്തിപരമാണ്. എല്ലാവരുടെയും അഭിപ്രായം ഇത് തന്നെയായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല!# biriyani

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.