“ഇവിടെ പണിമുടക്ക്  നടത്തും, പണിമുടക്കിൽ പാവങ്ങളുടെ ഓട്ടോയുടെ കാറ്റ് അഴിച്ച് വിടും, ഒരുത്തനും ചോദിക്കില്ല. കാരണം ഇത് കേരളം അല്ലേ രാജുവേട്ടാ”; ജനഗണമന ട്രെയിലറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷക
1 min read

“ഇവിടെ പണിമുടക്ക് നടത്തും, പണിമുടക്കിൽ പാവങ്ങളുടെ ഓട്ടോയുടെ കാറ്റ് അഴിച്ച് വിടും, ഒരുത്തനും ചോദിക്കില്ല. കാരണം ഇത് കേരളം അല്ലേ രാജുവേട്ടാ”; ജനഗണമന ട്രെയിലറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷക

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ സിനിമയായ ജനഗണമനയുടെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ക്യൂൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജനഗണമന. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയുടെ ട്രെയിലർ സാധാരണ ട്രെയിലറുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു.

നാലു മിനിറ്റോളം ദൈർഘ്യമുള്ള ഒരു രംഗമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്നര മിനിട്ടോളം സ്ലോ പേസിലാണ് ട്രെയിലർ മുന്നോട്ടു പോയത്. ഇടയ്ക്ക് സുരാജ്, മംത എന്നവരുടെ രംഗങ്ങൾ പ്രേക്ഷകരിൽ ആകാംഷ നിറച്ചിരുന്നു. എന്നാൽ അതിനു ശേഷമുള്ള രംഗങ്ങൾ തികച്ചും അൻപ്രഡിക്റ്റബിൾ തന്നെയായിരുന്നു. വളരെ വ്യത്യസ്തമായ കഥാ സന്ദർഭത്തിലൂടെ ചടുലമായ രാഷ്ട്രീയം പറയുന്ന സിനിമയുടെ ട്രെയിലർ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

‘ഇവിടെ നോട്ടു നിരോധിക്കും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയാണ്’, ഇന്ത്യയെക്കുറിച്ച് പൃഥ്വിരാജ് പറയുന്ന ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് കാരണമായി. ഇന്ത്യയിലെ ബിജെപി രാഷ്ട്രീയത്തെ ആണ് സിനിമയിലൂടെ വിമർശിക്കുന്നത്. അതേസമയം ഇതിനെ വിമർശിച്ചുകൊണ്ട് ഒരു ബിജെപി അനുഭാവിയായ ആതിര എന്ന പ്രേക്ഷക എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെ ശക്തമായി വിമർശിക്കുമ്പോൾ കേരളത്തിലെ സാഹചര്യം ചിന്തിക്കുന്നില്ലെന്നാണ് വിമർശനം ഉന്നയിച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. ഇവിടെ പണിമുടക്ക് നടത്തുമെന്നും, പണിമുടക്കിൽ പാവങ്ങളുടെ ഓട്ടോയുടെ കാറ്റ് അഴിച്ച് വിടുമെന്നും, എന്നാൽ അതിനെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ എം എൽ എമാർ വരെ ഭീഷണി പെടുത്തുമെന്നും പോസ്റ്റിൽ പറയുന്നു.

അതൊന്നും ഒരുത്തനും ചോദിക്കില്ല, കാരണം ഇത് കേരളമല്ലേ രാജുവേട്ടാ എന്നാണ് ആതിര പോസ്റ്റിലൂടെ വിമർശിച്ചുകൊണ്ട് ചോദിക്കുന്നത്. കേരളത്തിലെ പണിമുടക്കിനെക്കുറിച്ചും അതിൽ പെട്ട് പോകുന്ന സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ചും ചർച്ച ചെയ്യാതെ ഇന്ത്യയെ വിമർശിക്കുന്നതിനെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ജനഗണമന. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സിനിമ കാണാനായി കാത്തിരിക്കുന്നത്.