ബി ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ മെഗാഹിറ്റിലേക്ക്….; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ
1 min read

ബി ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ മെഗാഹിറ്റിലേക്ക്….; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ

ലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ തിയേറ്ററില്‍ താഴെ ഇരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഈ അവസരത്തില്‍ ക്രിസ്റ്റഫറിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദിലീഷ് പോത്തനാണ് മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ക്ക് ഒപ്പം അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഷൂട്ടിംഗ് നടത്തുന്ന ചില ഷോട്ടുകളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഹൗസ് ഫുള്‍ ഷോകളുമായാണ് ക്രിസ്റ്റഫര്‍ പ്രദര്‍ശനം തുടരുന്നത്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ നിന്നും 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണന്നും എല്ലാവരും ഒന്നടങ്കം പറയുന്നു. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നു. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.

https://youtu.be/lVvIURZV76c

ബയോഗ്രഫി ഓഫ് എ വിജിലാന്റ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്.