കോൺഗ്രസും സിനിമാ പ്രവർത്തകരുമായുള്ള പ്രശ്നം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
1 min read

കോൺഗ്രസും സിനിമാ പ്രവർത്തകരുമായുള്ള പ്രശ്നം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വഴിതടയൽ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകരും നടൻ ജോജു ജോർജും നടുറോട്ടിൽ ഏറ്റുമുട്ടലും തുടർന്നുണ്ടായ വലിയ വിവാദങ്ങളും കേരള സമൂഹത്തിൽ വലിയ രീതിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. പ്രശ്നം വലിയ തലത്തിലേക്ക് ചർച്ച ചെയ്യപ്പെട്ടപ്പോൾ കോൺഗ്രസ് പ്രവർത്തകർ സിനിമ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ വരെ വ്യാപകമാണ്. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രശ്നമുണ്ടാക്കി രംഗത്ത് വന്നത്. തുടർന്ന് റോഡ് ഉപരോധിച്ചു കൊണ്ടുള്ള സിനിമ ചിത്രീകരണങ്ങൾ ഇനി നടത്താൻ അനുവദിക്കില്ല എന്ന പ്രഖ്യാപനവും പിന്നാലെ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തിൽ മേൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകരോടുള്ള കോൺഗ്രസിന്റെ ഇപ്പോഴുള്ള നിലപാടിനെ ‘ഫാസിസ്റ്റ് മനോഭാവം’ എന്ന് പിണറായി വിജയൻ വിശേഷിപ്പിക്കുന്നു. നിയമസഭയിലും തുടർന്ന് ഫേസ്ബുക്ക് പേജിലും മുഖ്യമന്ത്രി സർക്കാരിനെ നിലപാട് വിശദീകരിച്ചു. ഫേസ്ബുക്ക് പേജിന് പൂർണരൂപം ഇങ്ങനെ; “ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്.

സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്. ഒരു വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നത് ശരിയല്ല. അക്രമികളുടെ ഉള്ളിലുള്ള ഫാസിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പ്രകടമായിരിക്കുന്നത്.

ജനാധിപത്യത്തിൻ്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിർത്തിയ ചരിത്രമാണ് ഈ നാടിൻ്റേത്. അതിനാൽ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവും. കർക്കശമായ നടപടികൾ സ്വീകരിക്കും. കേരളത്തിൻ്റെ ജനാധിപത്യമൂല്യങ്ങൾ തച്ചുടയ്ക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല.”

Leave a Reply