ലാൽസലാം സിനിമയിൽ നെട്ടൂരാനായുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തെക്കുറിച്ച് ചെറിയാൻ കല്പകവടി
1 min read

ലാൽസലാം സിനിമയിൽ നെട്ടൂരാനായുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തെക്കുറിച്ച് ചെറിയാൻ കല്പകവടി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വർഗീസ് വൈദ്യന്റെ മകനാണ് ചെറിയാൻ കല്പകവാടി. ഇദ്ദേഹം ഒരു തിരക്കഥാകൃത്തും കഥാകാരനും കൂടിയാണ്. സർവ്വകലാശാല, ലാൽസലാം, ഉള്ളടക്കം, ആർദ്രം, പക്ഷേ, മിന്നാരം, നിർണയം, സാക്ഷ്യം, രക്തസാക്ഷികൾ സിന്ദാബാദ്, തുടങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രമായിരുന്നു ‘ലാൽസലാം’. വേണു നാഗവള്ളിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കല്പകവാടിയുടെതായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മുരളി, ജഗതി ശ്രീകുമാർ, ഗീത, ഉർവശി എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

 

 

അമൃത ടിവിയിലെ ‘പറയാം നേടാം’ എന്ന എന്റർടൈൻമെന്റ് പ്രോഗ്രാമിൽ അവതാരകനായ എം. ജി. ശ്രീകുമാറിനു ചെറിയാൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘ മോഹൻലാലിനെ വെച്ച് ചെയ്തിട്ടുള്ളതിൽ മനസ്സിൽ തട്ടിയ ചിത്രം ഏതാണ്’ എന്നായിരുന്നു എം. ജി. ശ്രീകുമാറിന്റെ ചോദ്യം. ലാൽസലാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഈ സിനിമ ഇത്രയും പ്രിയപ്പെട്ടതാകാൻ രണ്ട് കാരണങ്ങളുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്നാമത്തേത്, ലാൽസലാം എന്ന സിനിമ ഇദ്ദേഹത്തിന്റെ അച്ഛനായ വർഗീസ് വൈദ്യന്റെ ആത്മകഥയാണ്. അച്ഛന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. നെട്ടൂർ സ്റ്റീഫൻ അഥവാ നെട്ടൂരാൻ എന്നായിരുന്നു മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. അച്ഛന്റെ ജീവിതത്തിൽ നടന്ന കഥയാണ് സിനിമയായി മാറ്റിയതെന്നും ചെറിയാൻ പറയുന്നു.

 

മോഹൻലാൽ എന്ന നടന്റെ അസാമാന്യ കഴിവിനെ കുറിച്ചും ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്. നെട്ടൂരാൻ എന്ന കഥാപാത്രം മോഹൻലാൽ അഭിനയിക്കുമ്പോൾ അച്ഛനെ തന്നെയാണ് അതിലൂടെ കാണാൻ സാധിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. കുളികഴിഞ്ഞ് രാവിലെ രാസനാദിപ്പൊടി ഇടുന്നത് അച്ഛന്റെ ശീലമായിരുന്നു. ഇതേ ശീലം മോഹൻലാലും ചെയ്തപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇദ്ദേഹത്തിന്റെ അച്ഛനെ നേരിട്ട് അറിയില്ലാഞ്ഞിട്ടുപോലും അച്ഛന്റെ ചില രീതികളും പ്രവർത്തികളും മോഹൻലാൽ ചെയ്യുമായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ചെറിയാന്റെ അമ്മയ്ക്ക് പോലും മോഹൻലാലിന്റെ ഈ സാമ്യം കണ്ട് അൽഭുതം തോന്നിയിരുന്നു.ലാൽസലാം എന്ന സിനിമ പ്രിയപ്പെട്ടതാവാനുള്ള രണ്ടാമത്തെ കാരണമായി ഇദ്ദേഹം പറഞ്ഞത് സിനിമയിലെ മോഹൻലാലിന്റെ ഒരു ഡയലോഗിനെ പറ്റിയായിരുന്നു.

നെട്ടൂരാൻ വിളിച്ചത്ര കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങൾ ഒന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല, അതു മറക്കണ്ട…” എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗിന്റെ ടേക്ക് എടുക്കുന്നതിന് മുമ്പ് ഏതോ തമാശ പറഞ്ഞു എല്ലാവരും കൂടിയിരിക്കുകയായിരുന്നു. ആ സമയത്ത് ടേക്ക് എടുക്കാൻ വിളിച്ചപ്പോൾ മോഹൻലാൽ ഇപ്പോ വരാം എന്നു പറഞ്ഞു പോയിട്ട് അഭിനയിച്ച രംഗമായിരുന്നു അത്. അതൊരു ലെങ്ങ്തി ഡയലോഗായിരുന്നു എന്നു മാത്രമല്ല തീയറ്ററുകളിൽ ആവേശം കൊള്ളിച്ച രംഗം കൂടിയായിരുന്നു. മോഹൻലാൽ എന്ന വ്യക്തിയിൽ നിന്നും പെട്ടെന്ന് കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ കഴിവിനെ അതിശയത്തോടെയും അഭിമാനത്തോടെയുമാണ് ഇദ്ദേഹം കണ്ടത്. ഇതുതന്നെയാണ് മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതും.