‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കുഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ കാണാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബൻ. റീലിലെ ചാക്കോച്ചനും റിയൽ ലൈഫിലെ ചാക്കോച്ചനും തമ്മിലുള്ള രസകരമായ സംഭാഷണവുമായി ‘ചാവേർ’ സിനിമയുടെ പ്രചരണാർത്ഥം ഇറങ്ങിയിരിക്കുന്ന പുത്തൻ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.
കറുപ്പണിഞ്ഞ് കട്ടക്കലിപ്പിൽ ഒരു കട്ടനും കുടിച്ചുകൊണ്ടിരിക്കുന്ന അശോകനെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. ഈ സമയം മൊബൈലിൽ നോക്കിക്കൊണ്ട് അടുത്തേക്ക് വരികയാണ് ചാക്കോച്ചൻ. ‘താനേതെങ്കിലും കേസിലെ പ്രതിയാണോ…’ എന്നാണ് അശോകനെ കണ്ട മാത്രയിൽ ചാക്കോച്ചൻ ചോദിച്ചത്. ‘ഒരു കേസല്ല, ഒരുപാട് കേസുകളുണ്ടെ’ന്നായിരുന്നു ഇതിന് അശോകന്റെ മറുപടി. ഇത്തരത്തിൽ കുശലന്വേഷണം നടത്തിക്കൊണ്ട് ഇരുവരും സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ചാക്കോച്ചനെ ഭീഷണിപ്പെടുത്തുന്ന അശോകനെയാണ് പിന്നീട് വീഡിയോയിൽ കാണിക്കുന്നത്.
‘ചാവേർ’ സിനിമയുടെ പ്രചരണാർത്ഥം എത്തിയിരിക്കുന്ന സരസമായ ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി മറുപടികളുമായുള്ള ഈ വീഡിയോ നിമിഷ നേരം കൊണ്ട് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ചാവേറിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് ടീമായ സ്നേക്ക്പ്ലാന്റിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ‘ചാവേർ’ തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.
ചിത്രം നിർമിക്കുന്നത് കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗ്ഗീസ്, സംഗീത, സജിൻ ഗോപു, മനോജ് കെ.യു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ജിന്റോ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റർ നിഷാദ് യൂസഫും സംഗീതം ജസ്റ്റിൻ വർഗീസുമാണ്.