ഇവരില്‍ ആര് കീഴടക്കും? ആര് കീഴടങ്ങും? ബോക്സ് ഓഫീസ് അങ്കത്തിനൊരുങ്ങി ‘സിബിഐ 5 ദ ബ്രെയിൻ’ഉം ‘ജനഗണമന’യും
ഏപ്രില്‍, അവസാനം മെയ് ആദ്യം നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍, പ്രിഥ്വിരാജ് ചിത്രമായ ജന ഗണ മന, വിജയ് സേതുപതി ചിത്രമായ കാതുവാക്കിലെ രണ്ടു കാതല്‍, പിന്നാലെ ജയറാം നായകനായ സത്യന് അന്തിക്കാട് ചിത്രം മകളും, നിഖില വിമലിന്റെ ജോ&ജോയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്.
എന്നാല്‍, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍. 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലാണ്. കൂടാതെ നടന് ജഗതി ശ്രീകുമാര്‍ കുറേനാളുകള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതും ആരാധകര്‍ക്ക് നല്ല പ്രതീക്ഷ തരുന്നവയാണ്.
ജാഗ്രത, ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന അഞ്ചാംഭാഗത്തില്‍ ആ പഴയ ടീം തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് പ്രധാനമായും ഉള്ളത്. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ന്‍. ആരാധകര്‍ കാത്തിരിക്കുന്ന സിബിഐ 5 മെയ് ഒന്നിനാണ് തിയേറ്ററുകളില്‍ എത്തുക.
അതേസമയം, ജന ഗണ മന യുടെ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ടീസറിന് സമാനമായി ശക്തമായ രാഷ്ട്രീയവും പോരാട്ടങ്ങളും ട്രെയ്ലറില് കാണുവാന്‍ സാധിക്കും. ടീസര്‍ പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗാണ്. എന്നാല്‍ ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു. മംമ്ത മോഹന്‍ദാസാണ് നായിക.
അതേസമയം, സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായെത്തുന്ന
പുതിയ ചിത്രമാണ് മകള്‍. മീരാ ജാസ്മിന് വീണ്ടും നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തിരുന്നു. കൂടാതെ, വ്യത്യസ്ത മതത്തിലുള്ള മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുന്ന മകളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഏതൊക്കെ ചിത്രമാണ് ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുക എന്ന് കണ്ടുകൊണ്ട് അറിയാം.