2023ൽ നഷ്ടം 300 കോടിയെന്ന് നിർമ്മാതാക്കൾ: നാല് സൂപ്പർ ഹിറ്റുകളും 200 പരാജയങ്ങളും
മലയാള സിനിമയിൽ 2023ലുണ്ടായ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്നാണ് നിർമാതാക്കൾ പറയുന്നത്. പുറത്തിറങ്ങിയ 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് സൂപ്പർ ഹിറ്റായത്. മുടക്ക് മുതൽ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങൾക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങൾ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങൾക്ക് മാത്രമാണ് ഈ ലിസ്റ്റിൽ നേട്ടം അവകാശപ്പെടാനുള്ളു.
മോഹൻലാൽ ചിത്രമായ നേര് ഉൾപ്പെടെ എട്ട് ചിത്രങ്ങൾ കൂടിയാണ് വർഷാവസാനം തിയറ്ററുകളിൽ എത്താനുള്ളത്. അതിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് കൂടി അറിഞ്ഞാലേ ഈ വർഷത്തെ യഥാർത്ഥ കണക്ക് പറയാൻ കഴിയു. സിനിമ നിർമാണം നഷ്ടക്കച്ചവടമാകുമ്പോൾ കൂടുതലും അടിതെറ്റിയത് പുതിയ നിർമാതാക്കളാണ്.