‘ കോടതിയിൽ വരാൻ ഡേറ്റില്ല, അന്ന് കാമുകിക്കൊപ്പം ഡേറ്റിനു പോണം’; മിന്നുന്ന പ്രകടനവുമായി രാജേഷ് മാധവൻ
സിനിമാ നടൻ, പ്രൊഡക്ഷൻ കൺട്രോളർ, സംവിധാന സഹായി, സഹ സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നീ മേഖലകളിൽ സജീവമായ സിനിമ വ്യക്തിത്വമാണ് രാജേഷ് മാധവൻ. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കനകം കാമിനി കലഹം, മിന്നൽ മുരളി, ന്ന താൻ കേസു കൊട് എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികൾക്ക് ഏറെ സുപരിചിതനാണ് യുവനടൻ രാജേഷ് മാധവൻ. ‘റാണി പത്മിനി’ എന്ന സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യചിത്രം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ സൈക്കിളുകാരൻ പയ്യനായി വന്ന രാജേഷ് മാധവന്റെ കഥാപാത്രത്തെ ഇന്നും മലയാള പ്രേക്ഷകർ ഓർക്കുന്നു. മഹേഷിന്റെ പ്രതികാരത്തിലെ ഈ കഥാപാത്രം മീമുകളിലൂടെ ഇന്റർനെറ്റിൽ വരെ പ്രസിദ്ധിയാർജിച്ചിരുന്നു.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലും രാജേഷ് മാധവന്റെ പ്രകടനം അതിഗംഭീരമായിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ സിനിമ കണ്ടിറങ്ങുന്നവർ ആരും തന്നെ ഇദ്ദേഹത്തിന്റെ കഥാപാത്രത്തെ പെട്ടെന്നൊന്നും മറക്കില്ല. ഈ സിനിമയിൽ ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വസ്ത്രധാരണവും സ്റ്റൈലും നടത്തവും ഡയലോഗുമെല്ലാം പ്രേക്ഷകശ്രദ്ധ നേടുന്നതാണ്. കാമുകിയെ സന്തോഷിപ്പിക്കാനായി ഏതു വലിയ കാര്യം പോലും മാറ്റിവയ്ക്കുന്ന കാമുകനാണ് ഇദ്ദേഹം സിനിമയിൽ തിളങ്ങുന്നത്. ഈ കഥാപാത്രം പാർട്ടിക്ക് പോകുന്നതു പോലെയാണ് കോടതിയിൽ സാക്ഷി പറയാൻ പോകുന്നത്. ‘കോടതിയിൽ വരാൻ ഡേറ്റില്ല, അന്ന് കാമക്കൊപ്പം ഡേറ്റിനു പോണം’ എന്ന പോലീസുകാരോട് പറയുന്ന ഡയലോഗ് കേട്ട് ചിരിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.
ഒരു കാസർഗോഡൻ പശ്ചാത്തലത്തിലുള്ള സിനിമയാണ് ‘ന്ന താൻ കേസ് കൊട്’ എന്നത്. രാജേഷ് മാധവനും ഒരു കാസർഗോട്ടുകാരനാണ്. ഈ സിനിമയിൽ ഒരുപാട് പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം സഹായിയായി നിന്നത് രാജേഷ് മാധവനാണ്. കഥാപാത്രങ്ങൾക്ക് അനുയോജ്യമായവരെ കണ്ടെത്തിയതിൽ വലിയ പങ്കും ഇദ്ദേഹത്തിന്റെതാണ്. അഭിനയത്തിനപ്പുറം ഈ പുതുമുഖങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് നാച്ചുറാലിറ്റി തന്നെയാണ്. ശരിക്കും കഥാപാത്രം തന്നെയാണോ എന്ന് തോന്നിപ്പോകും വിധമായിരുന്നു ഇവരുടെ അഭിനയം. ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ.