‘ഭ്രമയുഗം’ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ
1 min read

‘ഭ്രമയുഗം’ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ

രൗദ്ര ഭാവങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷണം. സംവിധാനം രാഹുല്‍ സദാശിവനാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും. അതുപോലെ തിയറ്റര്‍ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരില്‍ ഒരു മലയാള സിനിമ ചര്‍ച്ചയുണ്ടാക്കുക അപൂര്‍വ്വമാണ്. ഇപ്പോഴിതാ അത് സാധ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഗള്‍ഫ്, യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ ചിത്രം ഇന്നലെ എത്തിയത്. മലയാളികളല്ലാത്ത നിരവധി പ്രേക്ഷകരാണ് ആദ്യദിനം തന്നെ ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായം എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്സില്‍ നിലവില്‍ ട്രെന്‍ഡിംഗുമാണ്. 35,000 ല്‍ അധികം പോസ്റ്റുകളാണ് ഈ ടാഗോടെ ഇതിനകം എത്തിയിട്ടുള്ളത്.

ചിത്രത്തിന്‍റെ വിവിധ വശങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഏറിയപങ്കും. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം എന്നതും വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്‍പി ആയിരുന്നു. ചിത്രത്തിന്‍റെ ടീസര്‍, ട്രെയ്‍ലര്‍, ജൂക്ബോക്സ് അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം കൊണ്ട് റിലീസിന് മുന്‍പ് നേടേണ്ട ശ്രദ്ധ ചിത്രം നേടിയിരുന്നു. ആദ്യദിനം കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്കും ചിത്രം എത്തിയതോടെ ഭ്രമയുഗത്തിന്‍റെ ബോക്സ് ഓഫീസ് സംഖ്യകളില്‍ അത് എത്രത്തോളം ചലനമുണ്ടാക്കും എന്നതാണ് കണ്ടറിയേണ്ടത്.

ഭ്രമയുഗത്തിന് ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ ബന്ധമില്ല എന്നും ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ ആണെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഥാപാത്രങ്ങള്‍ അധികമില്ലെന്നതും ഭ്രമയുഗത്തിന്റെ പ്രത്യേകതയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.