കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയുഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…
മലയാള സിനിമയിൽ നവതരംഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയുഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്.
അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ ഈ ഗാനത്തിൻറെ കടന്നുവരവ്. ഇതിനോടകം ആരാധകർ ഈ ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, ഈ വർഷം മലയാളത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. നേരത്തെ ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ഭ്രമയുഗം.
പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഹൊറർ ത്രില്ലർ എന്നതായിരുന്നു ചിത്രത്തിൻറെ യുഎസ്പി. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടാനായതോടെ ബോക്സ് ഓഫീസിലും വലിയ വിജയമായി. നിർമ്മാതാക്കൾ തന്നെ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചിത്രം 60 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയെയും അർജുൻ അശോകനെയും കൂടാതെ സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടുമൺ പോറ്റിയെന്ന കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. സംവിധാനത്തിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കുമൊപ്പം ചിത്രത്തിൻറെ സംഗീതവും പ്രൊഡക്ഷൻ ഡിസൈനിംഗും വലിയ കൈയടി നേടിയിരുന്നു. മറുഭാഷാ പ്രേക്ഷകർക്കിടയിലും ഭ്രമയുഗം ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഒടിടിയിലും ചിത്രം ലഭ്യമാണ്.
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.