ബോക്സ് ഓഫീസിൽ കത്തികയറി മമ്മൂട്ടിയുടെ ”ഭ്രമയുഗം” ; കളക്ഷൻ റിപ്പോർട്ട്
1 min read

ബോക്സ് ഓഫീസിൽ കത്തികയറി മമ്മൂട്ടിയുടെ ”ഭ്രമയുഗം” ; കളക്ഷൻ റിപ്പോർട്ട്

സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഒരേപോലെയുള്ള സ്വീകാര്യതയാണ് ചിത്രം നേടിയത്. മലയാളം പതിപ്പ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് കേരളത്തിന് പുറത്ത് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ഭ്രമയുഗം എത്തിയിരുന്നു. ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് സമയത്തുതന്നെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയും പ്രതികരണവും നേടുന്നത് അപൂര്‍വ്വമാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച അനൗദ്യോഗിക കണക്കുകള്‍ നിരവധി പുറത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ഇത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3.39 കോടി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17.69 കോടി. ഇങ്ങനെ ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോള്‍ നാല് ദിവസം കൊണ്ട് ചിത്രം ആകെ നേടിയിരിക്കുന്നത് 32.93 കോടിയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണിത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഈ വാരം റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ കാര്യമായി സ്വീകരിക്കുന്നപക്ഷം മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റ് സംഭവിക്കാനുള്ള സാധ്യതയാണ് വഴി തുറക്കുന്നത്.