‘ഭ്രമയുഗത്തിലെ’ കാരണവര്‍ ക്രൂരനോ ? സോഷ്യല്‍ മീഡിയ കിടുക്കി മെഗാസ്റ്റാർ
70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന് പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു.2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവയാണ്. എന്നും പുതുമകൾ തേടുന്ന സൂപ്പർ താരം കൂടിയാണ് മമ്മൂട്ടി. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ തുടങ്ങി ഒരുപിടി മികച്ച സിനിമകളിലൂടെയാണ് അദ്ദേഹം കാണികളെ അമ്പരപ്പിക്കുന്നത്.
ഇക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തുകയാണ് . ചിത്രത്തിന്റെ പേര് ‘ഭ്രമയുഗം’ എന്നാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മറ്റൊരു മമ്മൂട്ടി കഥാപാത്രം കാണാൻ സാധിക്കുമെന്ന് പ്രൊമേഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടിയെ തീര്‍ത്തും ഈവിളായി ചിത്രീകരിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഇതിനോടകം തന്നെ പോസ്റ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പലരും വിധേയന് സിനിമയിലെ ഭാസ്കര പട്ടേലരുടെ ഐക്കോണിക് ചിത്രത്തെ ഈ പോസ്റ്ററുമായാണ് താരതമ്യം ചെയ്യുന്നത്. തീര്‍ത്തും വ്യത്യസ്തമായ വേഷമായിരിക്കും ‘ഭ്രമയുഗം’ത്തില്‍ മമ്മൂട്ടിക്കെന്ന് പുതിയ പോസ്റ്റര്‍ ഊട്ടി ഉറപ്പിക്കുകയാണ്.
നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയതായി പ്രൊഡക്ഷൻ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചിരുന്നു . ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നിലവിൽ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ മാർക്കറ്റിംഗ് ക്യാമ്പെയ്ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും.
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ.