ബ്രഹ്മപുരം തീപിടുത്തം സിനിമയാകുന്നു; പ്രധാന കഥാപാതത്തെ അവതരിപ്പിക്കുക കലാഭാവന്‍ ഷാജോണ്‍
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. മലയാളത്തില്‍ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച കലാഭാവന്‍ ഷാജോണാണ് ചിത്രത്തിലെ നായകന്. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയുടെ സംവിധായകനാണ് അനില്‍. ‘2019 ലും 2020 ലും 2021 ലുമൊക്കെ തീ പടര്‍ന്നിട്ടുണ്ട് എന്നും തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി എന്നും സംവിധായകന് പറയുന്നു. മാലിന്യം വലിയ കൂമ്പാരമായി മല പോലയാകുകയാണ്. അത് ഒന്നു മാറാന്‍ വേണ്ടി കത്തിക്കും,’ അനില്‍ പറഞ്ഞു.
കൊച്ചിയിലും കാന്തല്ലൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2016 മുതല്‍ തന്റെ മനസില്‍ ബ്രഹ്മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നു എന്നും സംവിധായകന് വ്യക്തമാക്കി. ബ്രഹ്മപുരം ഭാഗത്തുള്ള ചിത്രീകരണം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നും കലാഭവന്‍ ഷാജോണ്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, കൊച്ചി നഗരത്തെ ദിവസങ്ങളോളം വിഷപ്പുകയാല്‍ ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ ഒടുവില്‍ അണയ്ക്കാനായിരിക്കുന്നുവെന്നാണ് വിവരം. അയ്യായിരത്തിലധികം അഗ്നിരക്ഷാസേനാംഗങ്ങള്‍ കൈമെയ് മറന്ന് നടത്തിയ പോരാട്ടത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.