ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; അപകടനില തരണം ചെയ്തതായി അറിയിച്ച് ഭാര്യ ദീപ്തി
1 min read

ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; അപകടനില തരണം ചെയ്തതായി അറിയിച്ച് ഭാര്യ ദീപ്തി

ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. അപകട നില തരണം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെൽകം ടു ദ ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് താരം കുഴഞ്ഞ് വീഴുകയുണ്ടായത്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തതായും അപകടനില തരണം ചെയ്തതുമായാണ് റിപ്പോര്‍ട്ട്.

വെൽകം ടു ദ ജംഗിള്‍ എന്ന ചിത്രത്തിൽ ഏറെ ആക്ഷൻ സീക്വൻസുകള്‍ ചെയ്ത ശേഷമായിരുന്നു താരം വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞു വീഴുകയുമുണ്ടായി. ആരോഗ്യ നില ഇപ്പോള്‍ ഭേദമായെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യമെന്നും മെഡിക്കൽ ടീമിന്‍റെ അസാധാരണമായ പരിചരണവും സമയോചിതമായ ഇടപെടലും ഈ സമയത്ത് സഹായകമായിട്ടുണ്ട്, ഏറെ നന്ദിയുണ്ടെന്നും ഏവരുടേയും അന്വേഷണങ്ങൾക്ക് നന്ദിയെന്നും ദീപ്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

47-കാരനായ ശ്രേയസ് 1995 – മുതൽ സിനിമാരംഗത്തുണ്ട്. ഒട്ടേറെ ടിവി സീരിയലുകളിലും മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ ശ്രേയസ് അഭിനയിച്ചിട്ടുണ്ട്. ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, ഇക്ബാൽ, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രേയസ് എത്തിയിട്ടുമുണ്ട്. എമർജൻസി, വെൽകു ടു ദ ജംഗിൾ തുടങ്ങിയവയാണ് ശ്രേയസിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.