ആസാമിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ മലയാളം സിനിമയായി മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വം’
1 min read

ആസാമിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ മലയാളം സിനിമയായി മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വം’

കേരളത്തിലെ തിയറ്ററുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മപർവ്വം. ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിക്കാൻ സിനിമയ്ക്ക് ഇതിനോടകം കഴിഞ്ഞു. വാരാന്ത്യ കളക്ഷനിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 21 കോടി രൂപ കളക്ഷനാണ് ഭീഷ്മപർവ്വം നേടിയത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ വാരാന്ത്യ കളക്ഷൻ നേടിയ മോഹൻലാലിൻ്റെ ലൂസിഫറിനെ കടത്തി വെട്ടിയാണ് ഭീഷ്മപർവ്വം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ഭീഷ്മപർവ്വം നേടി. ആസാമിലും ഭീഷ്മപർവ്വം ചിത്രീകരണം തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്നത്. അസാമിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന മലയാള സിനിമ കൂടിയാണ് ഭീഷ്മപർവ്വം.

ഇന്ത്യക്ക് പുറമെ ലോകമെമ്പാടും ഭീഷ്മപർവ്വം പ്രദർശനം തുടരുകയാണ്. യുഎഇയിൽ ചില സ്ഥലങ്ങളിൽ ബാറ്റ്മാൻ്റെ പ്രദർശനം മാറ്റി വെച്ച് ഭീഷ്മപർവ്വം പ്രദർശനം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. അതിന് പിന്നാലെയാണ് ആസാമിലും ഭീഷ്മപർവ്വം പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇനിയും മലയാള സിനിമയിലെ പല റെക്കോർഡുകളും സിനിമ മാറ്റിമറിക്കുമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടി ക്ലാസ്സായും മാസ്സായും ആരാധകർക്ക് മുന്നിലെത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപർവ്വം.

അഞ്ഞൂറ്റി കുടുംബവും മൈക്കിളപ്പനും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. വളരെ മനോഹരമായ കഥാ രീതിയും ചിത്രീകരണവും തന്നെയാണ് ഭീഷ്മപർവ്വം എന്ന സിനിമയുടെ വിജയം. സുഷിൻ ശ്യാമിന്റെ സംഗീത സംവിധാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൽ നീരദും ദേവജിത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന രീതിയിലാണ് സിനിമയിൽ മമ്മൂട്ടിയുടെ അഭിനയം.

മമ്മൂട്ടിക്ക് പുറമേ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ്, മാല പാർവതി, നദിയാ മൊയ്തു, ലെന, ശ്രിന്ദ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ഓരോരുത്തരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ പ്രേമികളും നിരൂപകരും സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. മലയാള സിനിമ ഇത്തരത്തിലുള്ള സിനിമകളിലൂടെയാണ് ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നത്.