ഫൈറ്റ് സീനുകളില്‍ മുന്നില്‍ മോഹന്‍ലാല്‍, മമ്മൂട്ടിയുടെ കൈ പൊങ്ങില്ലെന്ന് ഭീമന്‍ രഘു
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ഭീമന്‍ രഘു. മാത്രമല്ല, വില്ലന്‍ കഥാപാത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് ഭീമന്‍ രഘു. രൂപം കൊണ്ടും ഭാവം കൊണ്ടും ഏത് വില്ലന്‍ കഥാപാത്രത്തെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ഭീമന്‍ രഘു സമീപ കാലത്ത് കോമഡി കഥാപാത്രങ്ങളിലേയ്ക്ക് മാറിയിരുന്നു.
അതുപോലെ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി നിരവധി ചിത്രങ്ങളില്‍ ഭീമന്‍ രഘു അഭിനയിച്ചിട്ടുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഭീമന്‍ രഘു ഫൈറ്റ് സീനുകള്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടേയും കൂടെ അഭിനയിച്ചതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ വളരെ ഫ്ളക്സിബിളാണെന്നും എന്നാല്‍, മമ്മൂട്ടി അങ്ങനെയല്ല. ചിലപ്പോഴൊക്കെ കയ്യൊന്നും പൊങ്ങി വരില്ലെന്നും ഇവരുടെ രണ്ട് പേരുടെയും മിക്സാണ് സുരേഷ് ഗോപിയെന്നും ഭീമന്‍ രഘു അഭിപ്രായപെടുന്നു.
അതേസമയം, ഭീമന്‍ രഘു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാണ മാര്‍ച്ച 17തിയേറ്ററുകളില്‍ എത്തും. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ രണ്ട് തമിഴ് ഗാനങ്ങളാണ് ഉള്ളത്. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഭിനയത്തിന് പുറമെ ഭീമന്‍ രഘു ഒരു ഗായകന്‍ കൂടിയാണ്. പാട്ട് പഠിച്ചിട്ടുണ്ട്. അരങ്ങേറ്റം നടത്തിയില്ലെങ്കിലും നൃത്തവും അറിയാം. തനിയ്ക്ക് നൃത്തം അറിയില്ലെന്ന് പറയുന്നവര്‍ ഒരു വേഷം തന്നാല്‍ ചെയ്ത് കാണിക്കാമെന്നും ഇതൊരു വെല്ലുവിളിയാണെന്നും ഭീമന്‍ രഘു പറഞ്ഞു. 1982ല്‍ ഹസ്സന്‍ സംവിധാനം ചെയ്ത ഭീമന്‍ എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലെത്തിയത്. ജയന്‍ മരിച്ച ശേഷം ഏകദേശം അതേ ശരീരഘടനയുണ്ടായിരുന്ന അദ്ദേഹം പിന്നീട് മലയാളത്തിന്റെ ഭീമന്‍ രഘുവായി മാറുകയായിരുന്നു.