” ‘ആട് തോമ’ ചെയ്യാന്‍ മമ്മൂട്ടിക്ക് പറ്റില്ല; അത് മോഹന്‍ലാലിന് മാത്രമേ സാധിക്കുകയുള്ളൂ’ ; സംവിധായകന് ഭദ്രന്
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന് ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ.
ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകന് ഭദ്രന് സ്ഫടികം സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും മനസ് തുറക്കുകയാണ്. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ സൃഷ്ടിച്ച കഥാപാത്രമാണ് ആട് തോമയെന്നാണ് സംവിധായകന് പറയുന്നത്. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിന് പകരം മറ്റൊരു നടനെ ആലോചിച്ചിട്ടില്ല എന്നും ഭദ്രന് പറഞ്ഞു.
സ്ഫടികം എന്ന സിനിമയില്‍ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു എന്റെ മനസിലെ ആട് തോമ എന്നാണ് അദ്ദേഹം പറയുന്നത്. ചാക്കോ മാഷ് തിലകന് ചേട്ടനായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അവരെ മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയത്, ഭദ്രന് പറഞ്ഞു.
അതുപോലെ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയത്തെ കുറിച്ച് ഭദ്രന് പറയുന്നത് ഇങ്ങനെയാണ്…അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ പേഴ്സണാലിറ്റിയ്ക്കും ലുക്ക്സിനും അദ്ദേഹത്തിന്റെ ശബ്ദത്തിനും മാത്രമേ കഴിയു. മമ്മൂട്ടി ആ വാചകങ്ങള്‍ പറയുമ്പോഴുള്ള ആ ശക്തി അന്ന് മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല.
എന്നാല്‍ സ്ഫടികത്തില്‍ മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ല. ഇന്ന് എല്ലാ ടെക്നോളജിക്കല്‍ സപ്പോര്‍ട്ടുമുണ്ട്. അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്. അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു. അതൊക്കെ ചെയ്യുമ്പോള്‍ വലിയ മെയ്വഴക്കം ആവശ്യമുണ്ട്. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ്വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല, ഭദ്രന് പറഞ്ഞു.