വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂക്ക; ബോക്സ് ഓഫിസ് ഹിറ്റായ പത്ത് സിനിമകൾ
1 min read

വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂക്ക; ബോക്സ് ഓഫിസ് ഹിറ്റായ പത്ത് സിനിമകൾ

ഈയിടെയായി മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾക്കെല്ലാം പൊതുവെയുളള പ്രത്യേകതയായി കാണുന്നത് വ്യത്യസ്തതയാണ്. ഓരോ സിനിമകളും കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. മൊത്തത്തിൽ ഇപ്പോൾ മലയാളസിനിമയിലെ ബോക്സ് ഓഫിസ് കളക്ഷനുകൾ ഉയർന്ന് നിൽക്കുകയാണ്. സൂപ്പർ താര ചിത്രങ്ങൾ മുതൽ നവാ​ഗത സിനിമകൾ വരെ കേരള ബോക്സ് ഓഫീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്.

ആർഡിഎക്സ്, രോമാഞ്ചം, 2028, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവ സമീപകാലത്തെ ഏതാനും ഉദാഹരങ്ങൾ മാത്രം. ഈ അവസരത്തിൽ പകർന്നാട്ടങ്ങളിൽ വ്യത്യസ്ത തേടുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് വിവരമാണ് പുറത്തുവരുന്നത്.

പത്ത് സിനിമകൾ ആണ് പട്ടികയിൽ ഉള്ളത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഷൈലോക് ആണ് പത്താം സ്ഥാനത്ത്. അജയ് വാസുദേവിന്റെ സംവിധാനത്തിൽ 2020ൽ റിലീസ് ചെയ്ത ചിത്രം നേടിയ കളക്ഷൻ 39 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാണിത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് ആണ് ഒൻപതാം സ്ഥാനത്ത്. 28.45 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ ഒൺ എന്ന ചിത്രം നേടിയത് 15.5കോടിയാണ്. ബി​ഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച മാസ് എന്റർടെയ്നർ ഭീഷ്മപർവ്വം നേടിയത് 88.1 കോടിയാണ്. സിബിഐ 5- 36.5കോടി, റോഷാക്ക് 40കോടി, നൻപകൽ നേരത്ത് മയക്കം 10.2കോടി, ക്രിസ്റ്റഫർ 11.25കോടി. മമ്മൂട്ടി ചിത്രങ്ങളായ കണ്ണൂർ സ്ക്വാഡ് 83.65 കോടിയും കാതൽ ദി കോർ 13 കോടിയോളം രൂപയുമാണ് നേടിയിരിക്കുന്നത്. കാതൽ നിലവിൽ പ്രദർശനം തുടരുകയാണ്. അതുകൊണ്ട് തന്നെ കളക്ഷനിൽ വ്യത്യാസം വരാം.

നിലവിൽ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത് ഭ്രമയു​ഗം ആണ്. ഹൊറർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചിത്രം ജനുവരിയില്‍ തിയറ്ററില്‍ എത്തും. ബസൂക്ക, ടർബോ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങൾ.