ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ
2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന് തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു.
മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു നടനും ചെയ്യാത്തത്ര ട്രാൻസ്ഫോമേഷൻ പൃഥ്വി തന്റെ ശരീരത്തിൽ നടത്തിയിരുന്നു. അതിനെല്ലാം ഉള്ള പ്രതിഫലം ആയിരുന്നു തിയറ്ററുകളിൽ മുഴങ്ങി കേട്ട കയ്യടികൾ. ഒടുവിൽ ഏറ്റവും വേഗത്തിൽ 50, 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന സിനിമയും നടനും എന്ന ഖ്യാതിയും പൃഥ്വിയ്ക്ക് സ്വന്തമായി.
കഴിഞ്ഞ ദിവസം ആണ് ആടുജീവിതം 100 കോടി തൊട്ടത്. എന്നാൽ ഈ നേട്ടത്തിന് പുറമെ മലയാള സിനിമയിൽ മറ്റൊരു നടനും ലഭിക്കാത്ത ഖ്യാതിയും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. നായകനായി അഭിനയിച്ച സിനിമയും സംവിധാനം ചെയ്ത സിനിമയും 100 കോടി ക്ലബ്ബിൽ ഉള്ള ഏക മലയാള നടൻ ആണ് പൃഥ്വിരാജ്. മലയാള സിനിമയിൽ ഇതുവരെ മറ്റാർക്കും നേടാനാകാത്ത ഖ്യാതി വെറും ഒൻപത് ദിവസത്തിലാണ് താരം സ്വന്തമാക്കിയത്.
അതേസമയം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് ഒരുങ്ങുന്നുണ്ട്. എല്ലാം ഒത്തുവരികയാണെങ്കിലും കളക്ഷനിൽ വൻ കുതിപ്പ് നടത്തുകയാണെങ്കിലും മോഹൻലാലും ഈ നേട്ടം കൊയ്യാൻ സാധ്യത ഏറെയാണ്. അങ്ങനെ ആയാൽ പൃഥ്വിരാജിന് മാത്രം സ്വന്തമായ ഈ സുവർണാവസരം മോഹൻലാലിനും കൂടി സ്വന്തമാകും. എന്തായാലും എന്താണ് മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ നടക്കുക എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.