‘തെയ്യം പോലെ മനോഹരമായ ചിത്രം’; ‘ചാവേറി’നെ കുറിച്ച് ഭരദ്വാജ് രംഗൻ
1 min read

‘തെയ്യം പോലെ മനോഹരമായ ചിത്രം’; ‘ചാവേറി’നെ കുറിച്ച് ഭരദ്വാജ് രംഗൻ

ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’ വേറിട്ട ദൃശ്യവിസ്മയമായി സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടിയുമായാണ് ചിത്രം മുന്നേറുന്നത് . ഇപ്പോഴിതാ ‘ചാവേറി’ന് പ്രശംസകളുമായി പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. തെയ്യത്തിൻ്റെ പ്രകടനം പോലെ അത്രക്ക് മനോഹരമായിട്ടാണ് ചാവേർ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു. സ്ഥിരം കുറ്റവും ശിക്ഷയും കഥ തന്നെയാണെങ്കിലും ചിത്രം ഒരുക്കിയിരിക്കുന്ന രീതിയാണ് ഏറ്റവും മികച്ചതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റൈലാണ് ചിത്രത്തിൻ്റെ കാമ്പ് എന്നും ഇരയും വേട്ടക്കാരനും അപ്രതീക്ഷിതമായി മാറിമറിയുന്ന കാഴ്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുവെന്നും എല്ലാ അഭിനേതാക്കൾക്കും കൃത്യമായ ഒരു ഇടം ചിത്രത്തിൽ ഉണ്ടെന്നും ഭരദ്വാജ് രംഗൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ടിനു പാപ്പച്ചൻ്റെ തനതായ മേക്കിംഗ് ശൈലി പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചിത്രം രണ്ടാം വാരത്തിൽ എത്തിയിരിക്കുകയാണ്.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം, രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയുമൊക്കെ പ്രമേയമാക്കിയതാണ്. മനുഷ്യത്വത്തേയും യഥാർത്ഥ സൗഹൃദങ്ങളേയും തെയ്യത്തേയും മതത്തിനും ജാതിക്കുമൊക്കെ അതീതമായ പ്രണയ ബന്ധങ്ങളേയുമൊക്കെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്. ഗൗരവമുള്ളൊരു പ്രമേയത്തെ മലയാളം ഇന്നേവരെ കാണാത്തൊരു ഓഡിയോ വിഷ്വൽ അനുഭവമാക്കിയിരിക്കുകയാണ് ടിനു പാപ്പച്ചൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

ഇതിനിടയിലാണ് സിനിമയ്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വ്യാജ പ്രചരണങ്ങൾ ചിലരിൽ നിന്ന് ആദ്യ ദിനങ്ങളിൽ നടന്നത്. എന്നാൽ കുടുംബപ്രേക്ഷകരും യുവജനങ്ങളും ചിത്രത്തെ ഏറ്റെടുത്തതോടെ സിനിമയ്ക്ക് തിയറ്ററുകളിൽ തിരക്കേറിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ കേട്ട് വിശ്വസിക്കാതെ തിയറ്ററുകളിൽ എത്തി സിനിമ കണ്ടറിഞ്ഞ പ്രേക്ഷകരുടെ പിന്തുണയോടെ ‘ചാവേർ’ ഇപ്പോൾ മുന്നേറുകയാണ്.

കണ്ണൂരിന്‍റെ വന്യമായ ദൃശ്യങ്ങളുമായി ജിന്‍റോ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്‍റെ ചടുലമായ സംഗീതവും നിഷാദ് യൂസഫിന്‍റെ കൃത്യതയാര്‍ന്ന എഡിറ്റിംഗും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. സിനിമയുടേതായി ഇറങ്ങിയ ഏറെ വ്യത്യസ്തമായ പാട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റേയും കാവ്യ ഫിലിം കമ്പനിയുടേയും ബാനറിൽ എത്തിയിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവുമാണ്. മലയാളം ഇതുവരെ ചർച്ചചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളെ ചങ്കുറപ്പോടെ സ്ക്രീനിലെത്തിച്ച് വേറിട്ട സിനിമാനുഭവമായി തിയറ്ററുകളിൽ ആളിപ്പടരുകയാണ് ‘ചാവേർ’. .