‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍
1 min read

‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

ലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. പല കാലങ്ങളിലായി ഭദ്രന്‍ സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഭദ്രനും മോഹന്‍ലാലും. ഇപ്പോഴിതാ താന്‍ വൈകാതെ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പറയുകയാണ് ഭദ്രന്‍.

താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നും വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന്‍ എന്ന സ്‌ക്രിപ്റ്റ് റെഡിയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണതെന്നും ഭദ്രന്‍ പറയുന്നു. ഈ വര്‍ഷാവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒരേപോലെയുള്ള കഥാപരമായി മികച്ച ചിത്രമായിരിക്കും പുതിയ മോഹന്‍ലാല്‍ സിനിമയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു റോഡ് മൂവി ഒരുക്കുന്നതായി ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ടാക്‌സി ഡ്രൈവറിന്റെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുകയെന്നും പല ഭാഷകള്‍ സംസാരിക്കുന്ന ഒരു കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്നും കേരളത്തിന് പുറത്താണ് ഷൂട്ടിംഗ് നടക്കുകയെന്നെല്ലാം അന്ന് ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിലെ ആട് തോമയെപോലെ ഒരു പരുക്കന്‍ കഥാപാത്രമാണിതെന്നും ഉള്ളില്‍ ഒരുപാട് നന്മ ഉണ്ടെങ്കിലും പുറത്തുകാണിക്കാത്ത ഒരാള്‍. ഈ പ്രോജക്റ്റ് തന്നെയാണോ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്നതെന്ന് വ്യക്തമല്ല.