രം​ഗണ്ണനെ കാണാൻ ആവേശം കൊണ്ട് മലയാളികൾ; തൊട്ട് പിന്നാലെ വർഷങ്ങൾക്ക് ശേഷവും, പ്രീസെയിൽ കണക്കുകൾ അറിയാം…
1 min read

രം​ഗണ്ണനെ കാണാൻ ആവേശം കൊണ്ട് മലയാളികൾ; തൊട്ട് പിന്നാലെ വർഷങ്ങൾക്ക് ശേഷവും, പ്രീസെയിൽ കണക്കുകൾ അറിയാം…

ലയാള സിനിമയ്ക്കിത് വിജയകാലമാണ്. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഒന്നിനേക്കാൾ ഒന്ന് മെച്ചം എന്നേ പറയേണ്ടു. ഇപ്പോൾ ആ വിജയതരംഗം പിന്തുടരാൻ ‘ആവേശ’വും ‘വർഷങ്ങൾക്ക് ശേഷ’വും ‘ജയ് ഗണേഷും’ റിലീസിനൊരുങ്ങുകയാണ്. വിഷു റിലീസ് ആയാണ് ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിന്റെ വർഷങ്ങൾക്ക് ശേഷം, ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് എന്നീ മൂന്ന് സിനിമകൾ എത്താൻ പോകുന്നത്.

ഈ ചിത്രങ്ങൾക്ക് ലഭിച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് ആവേശം ആണെന്നാണ് റിപ്പോർട്ടുകൾ. പ്രീ റിലീസ് സെയിലിൽ 50 ലക്ഷവും 390 ഷോകളുമാണ് ആവേശത്തിന് ലഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് 375 ഷോകളും 33 ലക്ഷവുമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കർമാർ വ്യക്തമാക്കിയിരിക്കുന്നത്. ജയ് ഗണേഷിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഏത് സിനിമയാകും കേരളത്തിൽ ഏറ്റവും വലിയ വിജയം നേടുക എന്നതിൽ വ്യക്തതയായിട്ടില്ല.

സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ഹൃദയം സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രം എന്നാണ് നേരത്തെ പുറത്തെത്തിയ ട്രെയ്ലർ ഉറപ്പ് നൽകുന്നത്.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു സൂപ്പർ ഹീറോയുടെ കഥയാകും ചിത്രം പറയുക എന്നാണ് സൂചനകൾ. പഴയകാല ഹിറ്റ് നടി ജോമോൾ തിരിച്ചെത്തുന്ന ചിത്രമാണിത്. ക്രിമിനൽ വക്കീൽ ആയാണ് ചിത്രത്തിൽ നടി വേഷമിടുന്നത്.