പൃഥ്വിരാജിന്റെ പ്രവചനം വെറുതെ ആയില്ല; പുഴുവിന് അഭിനന്ദന പ്രവാഹം, മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചെന്ന് പ്രേക്ഷകര്‍
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു പുഴു. നവാഗതയാറത്തീന സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 12 ന് വൈകുന്നേരം സ്ട്രീം ചെയ്തു തുടങ്ങിയിരുന്നു. ഇതോടു കൂടി പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദനവുമായി രംഗത്തെത്തി. ചിത്രത്തില്‍ നായികയായി എത്തിയത് പാര്‍വ്വതി തിരുവോത്താണ്. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അതേസമയം, ഒരു വനിത സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയക്കുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സോണി ലിവില്‍ സിനിമ കാണാന്‍ സാധിക്കും.
പുഴു ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്, മാളവിക മേനോന്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷദ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാണം എസ് ജോര്‍ജ് ആണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, സിനിമ റിലീസ് ആയതിന് തൊട്ടു പിന്നാലെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയെയും പാര്‍വതിയെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. പുഴു വെന്ന പേരിലെ കൗതുകമാണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം.
മമ്മൂട്ടി ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് പുഴുവിലേതെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകള്‍ ഇനിയാണ് വരാന്‍ പോകുന്നതെന്ന പൃഥ്വിരാജിന്റെ പ്രവചനം ശരിയാണെന്നും, പുഴുവിലെ മമ്മൂട്ടിയുടെ അഭിനയം അത്രയ്ക്കും സൂപ്പര്‍ ആണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സംവിധായികയെയും പ്രേക്ഷകര്‍ പുകഴ്ത്താന്‍ മറന്നില്ല. റത്തീന എന്ന പുതുമുഖ സംവിധായികയ്ക്ക് ബിഗ് സല്യൂട്ട് എന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. ആദ്യചിത്രം കൊണ്ടുതന്നെ റത്തീന സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും പ്രേക്ഷകര്‍ തുറന്നു പറയുന്നു. എന്നാല്‍ ചില മോശം കമന്റുകളും, പരാമര്‍ശങ്ങളും പ്രേക്ഷകരില്‍ നിന്നും പുഴുവിന് ലഭിക്കുന്നുണ്ട്.വളരെ സ്ലോ ആയി പോകുന്ന സിനിമയില്‍ ഇംപ്രസീവായി ഒന്നും തോന്നിയില്ലെന്നും, എങ്ങനെയെങ്കിലും തീര്‍ന്നു കിട്ടിയാല്‍ മതി എന്ന അവസ്ഥയാണെന്നുമാണ് ചില ആള്‍ക്കാരുടെ വാദം.