ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്‌
1 min read

ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്‌

തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രങ്ങളും സമ്മിശ്ര പ്രതികരണം നേടി ആവറേജ് നിലവാരത്തില്‍ കണക്കാക്കപ്പെട്ട ചിത്രങ്ങളും ഈ തവണത്തെ വിഷു ആഘോഷമാക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങളാണ് മിനിസ്‌ക്രീനില്‍ വിഷുവിന് എത്തുന്നത്. അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ മലയാളത്തിന്റെ ആഘോഷം ഏഷ്യാനെറ്റ് ഒരുക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് പ്രീമിയേഴ്‌സ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കണ്ട് അവധിക്കാലം ആഘോഷിക്കാം.

മോഹന്‍ലാല്‍ നായകനായ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറിയിരുന്നു. റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി വന്‍ താര നിര തന്നെ അണിനിരന്നിരുന്നു.

മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് നായകനായെത്തിയ മിന്നല്‍ മുരളി ഏപ്രില്‍ 10നാണ് ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നത്. മിന്നല്‍ മുരളി ഇപ്പോഴും ഓണ്‍ലൈനില്‍ തരംഗം തീര്‍ക്കുന്നുണ്ട്. ഒരു മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു സൂപ്പര്‍ ഹീറോ നായകനായി എത്തിയത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രമായിരുന്നു മിന്നല്‍ മുരളി. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലും മിന്നല്‍ മുരളി ഇടംനേടിയിരുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു. ഹൃദയം പാട്ടുകള്‍കൊണ്ട് സമ്പന്നമായ ഒരു ചിത്രമായിരുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ്, കലേഷ് രാമാനന്ദ്, മേഘ തോമസ്, ജോജോ ജോസ്, തുഷാര പിള്ളൈ, ജിഷ്ണു ശ്രീകുമാര്‍, ശിവ ഹരിഹരന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആദ്യ വാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു.

ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പൃഥ്വിരാജ് ആയിരുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, കനിഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ചിത്രം വലിയ പ്രേക്ഷകശ്രദ്ധയായിരുന്നു നേടിയത്. കുടുംബത്തോട് ഒരുമിച്ച് ഇരുന്ന് ആസ്വദിക്കാവുന്ന നല്ലൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ബ്രോ ഡാഡി.

ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു കേശു ഈ ഴീടിന്റെ നാഥന്‍. ഒടിടി പ്ലാറ്റ് ഫോമായ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കേശുവെന്ന 60കാരനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ഉര്‍വശിയും ദിലീപും ഒന്നിക്കുന്നുവെന്ന പ്ര്‌ത്യേകത കൂടി ചിത്രത്തിനുണ്ടായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ ശ്രദ്ധേയനായ നസ്ലിനും ‘ജൂണ്‍’ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി ചിത്രത്തില്‍ എത്തിയിരുന്നു. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം പുഷ്പ ടോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ സുകുമാര്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്നതും പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തിയ ഘടകമായിരുന്നു. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു ചിത്രം കാഴ്ച്ചവെച്ചത്. ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയായിരുന്നു. എന്തായാലും ഈ വിഷു മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങള്‍ ടെലിവിഷന്‍ പ്രീമിയറില്‍ കണ്ട് ആസ്വദിക്കാം.