‘അപ്പൻ’ നിങ്ങളെ ഞെട്ടിക്കും; മലയാളം ഇന്നോളം കാണാത്ത കഥയുമായി മജുവും സണ്ണിയും!
1 min read

‘അപ്പൻ’ നിങ്ങളെ ഞെട്ടിക്കും; മലയാളം ഇന്നോളം കാണാത്ത കഥയുമായി മജുവും സണ്ണിയും!

സണ്ണി വെയ്ൻ നായകനാകുന്ന അപ്പൻ റിലീസിനൊരുങ്ങുകയാണ്‌. അച്ഛൻ – മകൻ ബന്ധം പറയുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിൽ കാണാൻ കഴിയുമെങ്കിലും സണ്ണി വെയ്ൻ നായകനാവുന്ന ‘അപ്പൻ’ വ്യത്യസ്തമാകുന്നത്‌ ഉള്ളടക്കത്തിലാണ്‌. നമ്മൾ അത്ര കണ്ട്‌ ശീലിക്കാത്ത, എന്നാൽ യാഥാർത്ഥ്യവുമായി പൂർവ്വാധികം ചേർന്നുനിൽക്കുന്ന ജീവിതങ്ങളായിരിയ്ക്കും ‘അപ്പനി’ൽ നമുക്ക് സംവിധായകൻ മജു കാണിച്ചു തരിക.

രണ്ടു തലമുറകളിലെ പിതൃപുത്ര ബന്ധത്തിന്റെ ആഴങ്ങളിലൂടെയാണ് ‘അപ്പൻ’‌ സഞ്ചരിക്കുന്നത്‌. വൈൽഡ് ആയ, സർവ്വവും വെട്ടിപ്പിടിക്കാനും, അധികാരം സ്ഥാപിക്കാനും തന്റെ ഏറ്റവും മോശം അവസ്ഥയിലും ശ്രമിക്കുന്ന ഒരച്ഛന്റെയും, താൻ ഒരിക്കലും തന്റെ പിതാവിനേപ്പോലെ ഒരു അപ്പൻ ആകരുത് എന്ന് ആഗ്രഹിക്കുന്ന മകന്റെയും കഥ വളരെ റോ ആയി, ഇന്റൻസ് ആയി സ്‌ക്രീനിൽ എത്തിക്കാനാണ്‌ സംവിധായകൻ മജു ശ്രമിച്ചിരിക്കുന്നത്‌. പോൾ തോമസ് ആൻഡേഴ്സന്റെ ‘There Will Be Blood’ നൽകുന്ന ആ ഒരു അറ്റ്മോസ്‌ഫിയർ ‘അപ്പനി’ൽ പലയിടത്തും കണ്ടേക്കം! ഇന്റൻസിറ്റി അവസാനം വരെ നിലനിർത്താൻ തികവുറ്റ സാങ്കേതിക വശങ്ങൾക്കൊപ്പം തന്നെ എടുത്തു പറയേണ്ടത് ആണ് ഓരോ അഭിനേതാക്കളുടെയും പ്രകടനങ്ങളായിരിക്കും!

ഒരേ ടോണിലുള്ള കഥാപാത്രങ്ങളും, സമ്മിശ്രാഭിപ്രായങ്ങൾ ഏറ്റുവാങ്ങിയ ഏതാനും സിനിമാ സെലക്ഷൻസിനുമപ്പുറം, സണ്ണി വെയ്നു ലഭിച്ച ഒരു ഫ്രഷ് ബ്രെത് ആണ് ‘അപ്പനി’ലെ കഥാപാത്രം എന്ന് ട്രൈലറിൽ നിന്നു തന്നെ വ്യക്തമാണ്‌. കൂടെ അലൻസിയറും തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നുമായി നിറഞ്ഞു നിൽക്കും! ഗ്രേസ് ആന്റണി, അനന്യ, പോളി വിത്സൻ, വിജിലേഷ്, രാധികാ രാധാകൃഷ്ണൻ തുടങ്ങിയവരുൾപ്പെടുന്ന താരനിരയും അവരവരുടേതായ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്‌.

വളരെ പ്രോമിസിങ് ആയ യുവസംവിധായകരുടെ നിരയിലേയ്ക്ക്‌ ചേർത്തുവയ്ക്കാൻ മജു എന്ന സംവിധായകൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ഈ ചിത്രം അടയാളപ്പെടുത്തും. ഓരോ ഷോട്ടും കഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ആഴത്തിൽ പഠിച്ച് അതിനെ സ്ക്രീനിൽ എത്തിക്കുവാൻ ശ്രമിച്ചിട്ടുണ്ട്‌ സംവിധായകൻ. ഈ.മ.യൗ, ജോജി എല്ലാം മലയാളി പ്രേക്ഷകർക്ക് നൽകിയ ഒരു ഫീൽ ഉണ്ട്. ‘അപ്പൻ’ എന്ന സിനിമ നിങ്ങൾക്ക്‌ നൽകാനിരിക്കുന്നതും അതേ എക്സ്പീരിയൻസ് തന്നെ ആയിരിക്കും!

ഇത്തവണത്തെ സംസ്ഥാനപുരസ്കാരം നേടിയ ‘വെള്ള’ത്തിന്റെ നിർമ്മാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ‘അപ്പൻ’ 2022-ൽ മലയാളത്തിലെ മികച്ച സിനിമാ കാഴ്ചകളിൽ ഒന്ന് തന്നെയായിരിക്കുമെന്നതിൽ സംശയമില്ല!