‘ഈ സിനിമയില്‍ ബാലയെ റെക്കമെന്റ് ചെയ്തത് ഉണ്ണി ബ്രോ ആണ്’ ; തനിക്ക് പ്രതിഫലം കൃത്യമായി നല്‍കിയെന്ന് സംവിധായന് അനൂപ്
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിര്‍മാതാക്കള്‍, താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ല എന്ന ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് അനൂപ് പന്തളം രംഗത്ത്. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറയുന്നു. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്.
‘നടന് ബാല ഒരു ചാനലിന് നടത്തിയ അഭിമുഖത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനൂപിന്റെ പ്രതികരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായിട്ടാണ് എന്റെ അറിവ്.
ബാലയെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് ഉണ്ണി ബ്രോ ആണ്. അതുപോലെ, ബാലയ്ക്ക് സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് കിട്ടിയത്. അദ്ദേഹം അത് നന്നായി ചെയ്യുകയും, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതില്‍ തനിക്ക് സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലാണ് ഞങ്ങള്‍. ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.”അനൂപ് പന്തളം പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ണിമുകുന്ദന് പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദയ്ക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവര്ക്കും പൈസ കൊടുക്കണം. പെണ്ണുങ്ങള്‍ക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ടെന്നുമാണ് ബാല പറഞ്ഞത്.