”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്
1 min read

”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്

മ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ ടർബോ മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ റിപ്പോർട്ടുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ഈ കനത്ത മഴയിലും പ്രേക്ഷകർ ആവേശം ചോരാതെ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തിയേറ്ററുകളിലെത്തുന്നത് അതിശയകരമായ കാര്യമാണെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം.

ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് രം​ഗങ്ങൾക്കൊപ്പം തന്നെ മറ്റൊരാളും ശ്ര​ദ്ധനേടുന്നുണ്ട്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട ഹംസധ്വനിയെന്ന അഞ്ജന ജയപ്രകാശ് ആണത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജന ജയപ്രകാശ്.

‘ടർബോ’യിൽ മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചിരിക്കുന്നത്. ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഞ്ജന അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് അഞ്ജന. ടർബോയിൽ സ്റ്റണ്ട് ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

“എല്ലാ സ്റ്റണ്ടുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാണ് ചെയ്തത്. എങ്കിലും എല്ലാവർക്കും ചെറിയൊരു പേടിയുണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി ഹാർനെസ് ഉപയോഗിച്ചു എന്നെ പൊക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പുതിയ കാര്യങ്ങളാണ്. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കേറുമ്പോൾ തോന്നുന്ന ഫീൽ ഇല്ലേ.

ഒരു പിരുപിരുപ്പ്! ആ അവസ്ഥയായിരുന്നു എനിക്ക്. മറുവശത്ത് മമ്മൂക്കയാണെങ്കിൽ എന്തിനും റെഡിയായി നിൽക്കുകയാണ്. അതുകൊണ്ട്, നമ്മളും ഒട്ടും കുറയ്ക്കാൻ പാടില്ലല്ലോ. ഡ്യൂപ്പ് പോലും വേണ്ടായെന്നു പറഞ്ഞ് ഫൈറ്റ് ചെയ്യാൻ നിൽക്കുകയാണ് മമ്മൂക്ക. അതുകൊണ്ട്, പേടിയൊന്നും പുറത്തു കാണിച്ചില്ല.” അഞ്ജന പറയുന്നു.