വിജയ് ബാബുവിനെതിരെ ‘അമ്മ’യിലെ വനിതകള്‍ ; നടപടി വേണമെന്ന് ശക്തമായ ആവശ്യം ; അംഗീകരിച്ചു മോഹൻലാൽ
യുവ നടി നല്കിയ പീഡന പരാതിയെ തുടര്‍ന്ന് നടന് വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും അനുവാദം നല്‍കിയിട്ടുണ്ട്.
വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്.
അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്.
ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
അതേ സമയം, പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് തെളിവുകള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. വിജയ് ബാബു പരാതിക്കാരിയായ യുവതിക്കൊപ്പം ആഡംബര ഹോട്ടലിലും ഫ്ലാറ്റിലും എത്തിയതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. കടവന്ത്രയിലെ ഹോട്ടലിലാണ് നടനും യുവ നടിയും എത്തിയത്.
ഇനി കുറച്ച് സ്ഥലങ്ങളില്‍ കൂടി പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. വിജയ് ബാബുവിന്റെ യാത്രാ രേഖകള്‍, പാസ്പോര്‍ട്ട് എന്നിവയിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. കൂടുതല്‍ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ജയ് ബാബുവിന്റെ ഫ്ലാറ്റിലടക്കം നടത്തിയ പരിശോധനയില്‍ പരാതിക്കാരി നല്കിയ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നു എന്നാണ് വിവരം. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.