‘അമിതാഭ് ബച്ചന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്’ ; കോടതി
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന് നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
‘വ്യക്തിത്വ അവകാശം’ (പഴ്സനാലിറ്റി റൈറ്റ്സ്) സംരക്ഷിക്കാന്‍ ബച്ചന് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് അമിതാഭ് ബച്ചനു വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീന്‍ ചാവ്ലയാണ് വിധി പറഞ്ഞത്.
അതേസമയം, ഹര്‍ജിയില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്ജിക്കാരന് അറിയപ്പെടുന്നയാളും ഒട്ടേറെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളുമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്നും, ഇതു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായ കാര്യമാണെന്നും കോടതി പറഞ്ഞു. ചില ലംഘനങ്ങള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുക പോലും ചെയ്തേക്കാം. അനുവാദമില്ലാതെ താരപദവി ഉപയോഗിച്ച് മറ്റുള്ളവര്‍ ബിസിനസ് ചെയ്യുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ട്. കോടതി വ്യക്തമാക്കി. അനുവാദമില്ലാതം തന്റെ പേരും, ചിത്രവും, ശബ്ദവും ഉപയോഗിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ തടയണമെന്ന് ഹര്‍ജിയുമായി വെള്ളിയാഴ്ചയാണ് അമിതാഭ് ബച്ചന് കേസ് ഫയല്‍ ചെയ്തത്.