‘അവതാര്‍ 2’ വിന് ഇടവേളയുണ്ടോ അണ്ണാ…! ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാമറൂണ്‍
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിക്കുന്നത്. ഡിസംബര്‍ 16നു റിലീസിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ്. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്കുന്ന പതിവില്ല. എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്ഘ്യമുള്ളതിനാല് സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയം പ്രേക്ഷകരില്‍ പൊതുവെ ഉയരുന്നുണ്ട്.
അതിന് ഉത്തരം പറയുകയാണ് കാമറൂണ്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ പ്രതികരണം. പ്രേക്ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇടവേളയെടുക്കാം. എന്നാല്‍ അതിനിടെ നഷ്ടമായ രംഗങ്ങള്‍ കാണണമെങ്കില്‍ വീണ്ടും സിനിമ ഒരിക്കല്‍ കൂടി കണ്ടാല്‍ മതിയെന്നാണ് കാമറൂണിന്റെ മറുപടി. അവതാര്‍ ആദ്യഭാഗത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂറും 41 മിനിറ്റുമായിരുന്നു.
അതേസമയം, മലയാളി പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കുന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കേരളത്തിലെ തിയേറ്ററുകള്‍ അവതാര്‍ 2 പ്രദര്‍ശിപ്പിക്കില്ലെന്നാണ് ആ വാര്‍ത്ത. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് അക്കാര്യം വ്യക്തമാക്കിയത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നും, നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഫിയോക് പറയുന്നത്.
ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘അവതാര്‍; ദ വേ ഓഫ് വാട്ടര്‍’ പ്രദര്‍ശനത്തിനെത്തുന്നത്.
ലൈറ്റ്സ്റ്റോം എന്റര്ടൈന്മെന്റ്സിന്റെ ജോണ്‍ ലാന്‍ഡോയ്ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അതേസമയം, ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്.