‘മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്’ ; പാദമദ്രയെ കുറിച്ച് ആരാധകന്റെ കുറിപ്പ്‌
1 min read

‘മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്’ ; പാദമദ്രയെ കുറിച്ച് ആരാധകന്റെ കുറിപ്പ്‌

ആര്‍ സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത്
പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 34 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന്‍ എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്‍.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘പാദമുദ്ര’.

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പാദമുദ്ര. അതുപോലെ, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റില്‍ പോലും പോയിട്ടില്ലാത്ത ആര്‍.സുകുമാരന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകന്‍ ആണ് മോഹന്‍ലാലില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത്. മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് ഈ സിനിമ എന്നു തന്നെ പറയാം.

മേക്കപ്പ് അധികം ഉപയോഗിക്കാതെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയില്‍ എങ്ങനെ വളരെ സ്വഭാവികമായി അവതരിപ്പിക്കാമെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് പാദമുദ്രയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ്. അത്രയ്ക്ക് മികച്ചതായിരുന്നു മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹന്‍ലാലിന്റെ അഭിനയം. ഈ രണ്ട് കഥാപാത്രങ്ങളും മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ, ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഓരോ കാഴ്ചയിലും ഇഷ്ടം കൂടി വരുന്ന സിനിമയാണ് പാദമുദ്ര എന്നാണ് ആരാധകന്‍ പറയുന്നത്. ഇരുപത്തിയെട്ടാം വയസ്സില്‍ ഭാവാഭിനയത്തിന്റെ സകല തലങ്ങളിലൂടെയും തന്റെ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ സഞ്ചരിപ്പിച്ച സിനിമ എന്നും കുറിക്കുന്നു. ചിത്രം ഇറങ്ങിയിട്ട് ഏതാണ്ട് 34 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കഥാപാത്രസൃഷ്ടി കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഏക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ സിനിമയാണ് പാദമുദ്ര. ആരാധകന്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഓരോ കാഴ്ചയിലും ഇഷ്ടം കൂടി വരുന്ന സിനിമ… !
ഇരുപത്തിയെട്ടാം വയസ്സില്‍ ഭാവാഭിനയത്തിന്റെ സകല തലങ്ങളിലൂടെയും തന്റെ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ സഞ്ചരിപ്പിച്ച സിനിമ!

ഓച്ചിറക്കാളയുമായി വഴിപാടിനായി വീടുകള്‍ തെണ്ടുന്ന,പപ്പടം വിറ്റ്,വീടുകളിലെ സ്ത്രീജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്ന മാതുപ്പണ്ടാരവും,മനോനില തെറ്റിയ ഗൗരവ സ്വഭാവക്കാരനായ സോപ്പ് കുട്ടപ്പനും-വൈരുധ്യങ്ങള്‍ കൊണ്ട് ഇരു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ സിനിമ കണ്ടവരൊന്നും മറക്കില്ല..

നാട്യശാസ്ത്ര പ്രതിപാദ്യങ്ങളായ ശൃംഗാരം,കരുണം,ഹാസ്യം,ഭയാനകം,ശാന്തം,വീരം തുടങ്ങിയ നവരസങ്ങളെ ഈ രണ്ടു കഥാപാത്രങ്ങളിലുമായി ഒരു പാഠപുസ്തകമെന്നപോലെ മോഹന്‍ലാല്‍ അതിഗംഭീരമായി പകര്‍ത്തിവെച്ചിരിക്കുന്നു.

ഉന്മാദാവസ്ഥയില്‍ സര്‍വവും മറന്നു കൊണ്ടുള്ള മാതുപ്പണ്ടാരത്തിന്റെ കാവടിയാട്ടവും,സര്‍വ്വനിലയുംതെറ്റി വേലി എറിഞ്ഞുകളയാനായി പിഴുതെടുത്ത് തലക്ക് മുകളില്‍ വെച്ച് ഓടുന്ന ക്ലൈമാക്‌സിലെ സോപ്പുകുട്ടപ്പന്റെ ദയനീയതയും സിനിമയിലെ മറക്കാനാവാത്ത രംഗങ്ങളാണ്..

മാധവിക്കുട്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി പരാമര്‍ശിച്ചിട്ടുള്ള പാദമുദ്ര, ആര്‍ സുകുമാരന്‍ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയുമാണ്.

ഇറങ്ങിയിട്ട് ഏതാണ്ട് 34 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കഥാപാത്രസൃഷ്ടി കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഏക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ പാദമുദ്ര.