ജോഷിയുടെയും ഷാജി കൈലാസിന്റെയും മെഗാമാസ് തിരിച്ചുവരവ് സംഭവിച്ച വർഷം! ; പാപ്പനും കടുവയും തിയറ്ററുകളിൽ ആളെ നിറച്ച് തകർത്തോടുന്നു
ഒരു സമയത്ത് മലയാള സിനിമ ഭരിച്ചിരുന്ന സംവിധായകന്മാർ ആയിരുന്നു ജോഷിയും ഷാജി കൈലാസും . മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും രണ്ടായിരങ്ങളില് ഏറ്റവും മികച്ച സിനിമകൾ നൽകി ഇന്നത്തെ താര മൂല്യത്തിലേക്ക് എത്തിച്ചത് ഇവർ തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ജോഷിയുടെയും ഷാജി കൈലാസിന്റെയും സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശം മാത്രമല്ല പ്രതീക്ഷയും കൂടി നല്കുകയാണ്. ഇരു സംവിധായകരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ അടുത്ത് റിലീസ് ചെയ്തിരുന്നു. രണ്ടു പേരുടെയും സിനിമകൾ റിലീസ് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ പരിഹസിച്ചു കൊണ്ട് ഔട്ട്ഡേറ്റഡ് സംവിധായകർ എന്ന് വിളിച്ചു കൊണ്ടാണ് പലരും കളിയാക്കിയത്.
രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഇരുവരുടെയും സിനിമകളിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ഉണ്ടെന്നും പറഞ്ഞായിരുന്നു പലരും ഇവരുടെ സിനിമകളെ ഇപ്പോൾ വിലയിരുത്തുന്നത്. 2010 നു ശേഷം രണ്ടുപേരുടെയും സിനിമകളായ സലാം കാശ്മീർ, കിങ്ങ് കമ്മീഷണർ പോലുള്ള സിനിമകൾ പരാജയം ആയതാണ് മറ്റൊരു കാരണം. വിമർശിച്ചവരുടെ വായടപ്പിച്ച് ഇരിക്കുകയാണ് ഷാജി കൈലാസും ജോഷിയും. ഇപ്പോൾ തിയേറ്ററുകളുടെ അരങ്ങു വാഴുന്നത് ഇരുവരുടെയും ചിത്രങ്ങളായ പാപ്പനും കടുവയും ആണ്.
തീയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നില്ല എന്ന സാഹചര്യം വന്നപ്പോഴാണ് ഇരു സിനിമകളും റിലീസ് ചെയ്തത്. തിയേറ്ററിലേക്ക് വരാൻ മടിച്ച പലരെയും ഇരു ചിത്രങ്ങളും തീയേറ്ററിൽ എത്തിച്ചു എന്ന് തന്നെ പറയാൻ കഴിയും.സുരേഷ് ഗോപിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ വലിയ ഓപ്പണിങ് കളക്ഷൻ തന്നെ ഇരു സിനിമകളും സമ്മാനിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. തന്റെ മാസ്സ് മൂവികളിൽ ഉണ്ടായിരുന്ന പലതരം സ്റ്റൈളുകളെയും പുതുക്കിയാണ് ഷാജി കൈലാസ് കടുവ ഒരുക്കിയത്.
അതു മാത്രമല്ല ആക്ഷനും മ്യൂസിക്കിനും ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് പ്രാധാന്യം നൽകി. ജോഷിയുടെ പാപ്പനും കയ്യടി നേടിയാണ് മുന്നോട്ടു കുതിച്ചത്. ആക്ഷൻ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ പഴയകാല കഥാപാത്രത്തെ അല്ല ആരും പാപ്പനിൽ കണ്ടത് . ഓരോ നോട്ടത്തിലും നടപ്പിലും പെരുമാറ്റത്തിലും എല്ലാം പുതിയ സുരേഷ് ഗോപിയെ തന്നെയായിരുന്നു ജോഷി സമ്മാനിച്ചത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സിനിമയിൽ എത്തിച്ചു കൊണ്ടായിരുന്നു ജോഷി തന്റെ പുതിയ ചിത്രം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.