“മമ്മൂക്കയുടെ സ്കിൽസ് അങ്ങനെ തീരുന്ന ഒന്നല്ല” ; മമ്മൂട്ടിയെ പുകഴ്ത്തി അമാൽഡ
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ദിനത്തില്‍ മികച്ച കളക്ഷനാണ് നേടിയത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മലയാളം, തമിഴ് ഉൾപ്പടെയുള്ള പതിപ്പുകൾക്കു ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ. കൂട്ടത്തിലെ ഒരെയൊരു ഫീമെയിൽ വേഷം ചെയ്തിരിക്കുന്നത് നടി അമാൽഡ ലിസ് ആണ്. രണ്ട് മൂന്ന് സീനുകളിൽ മാത്രം വന്ന് പോകുന്ന അമാൽഡയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭ്രമുഗത്തിലെ തന്റെ കഥാപാത്രത്തെയും മമ്മൂട്ടിയെയും പുകഴ്ത്തി എത്തിയിരിക്കുകയാണ് അമാൽഡ.
“എങ്ങനെയാണ് ഇങ്ങനത്തെ കഥാപാത്രങ്ങൾ മമ്മൂക്കയെ തപ്പിവരുന്നത് എന്നാണ് മനസിലാകാത്തത്. അതും ഇത്രയും ഭംഗിയുള്ള വേഷങ്ങൾ. ഭ്രമയുഗത്തിലെ ക്യാരക്ടർ വല്ലാത്തൊരു മീറ്ററിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അങ്ങോട്ട് പോയി കഴിഞ്ഞാൽ മോശമാകും ഇങ്ങോട്ടായി കഴിഞ്ഞാൽ മോശമാകും. ബാലൻസിംഗ് എന്നൊക്കെ പറഞ്ഞാൽ വല്ലാത്ത ഒന്നാണ്. ആ കഥാപാത്രം വളരെ ഗംഭീരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ഈ സമയത്തൊക്കെ എന്തെങ്കിലും ഒക്കെ ചെയ്താൽ മതിയെന്ന് മമ്മൂക്കയ്ക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ. ഒരു കഥാപാത്രത്തിന് വേണ്ടി പാഷനേറ്റഡ് ആയി, ഇത്രയ്ക്ക് ഒക്കെ വർക്ക് ചെയ്യേണ്ടതുണ്ടോ എന്നൊക്കെ. പക്ഷേ എന്ത് രസമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പൊലിപ്പിക്കുന്നത് കൊണ്ടാണ് അവർക്ക് വീണ്ടും വീണ്ടും കഥാപാത്രങ്ങളെ കിട്ടുന്നത്. മമ്മൂക്ക കഥാപാത്രങ്ങളെ ഗംഭീരമാക്കിയത് കൊണ്ടാണ് ഇതുവരെ എത്തി നിൽക്കുന്നതും. എനിക്ക് തോന്നുന്നു ഓരോ കഥാപാത്രങ്ങൾക്കും ഒരുപാട് എഫേർട്ട് അദ്ദേഹം കൊടുക്കുന്നുണ്ട്. മമ്മൂക്കയുടെ സ്കിൽസ് അങ്ങനെ തീരുന്ന ഒന്നല്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ട്. ഇനിയും ഒരുപാട് ക്യാരക്ടേഴ്സ് മമ്മൂക്ക തരും. ഭ്രമയുഗത്തിലെ കഥാപാത്രം വേറെ ആര് ചെയ്യും. മമ്മൂക്കയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ”, എന്നാണ് മമ്മൂട്ടിയെ കുറിച്ച് അമാൽഡ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
“ഇങ്ങനെ ഒരു റോൾ ചെയ്യണമെന്ന് ഭയങ്കരമായി ആഗ്രഹിച്ച ആളാണ് ഞാൻ. എനിക്ക് അത് കിട്ടിയത് തന്നെ വലിയ ഭാഗ്യം. ഇത്രയും വലിയ സിനിമയിൽ, ഇത്രയും വലിയ അക്ടറിന്റെ കൂടെ അഭിനയിക്കുക, ഇതിന്റെ ഭാഗമാകുക എന്നത് ഭയങ്കര അടിപൊളിയാണ്. ഒരു സ്ക്രീൻ ടെസ്റ്റ് പോലും ചെയ്യാതെയാണ് എന്നെ ഭ്രമയുഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ക്യാരക്ടർ ലുക്ക് ടെസ്റ്റ് ഒന്നും നോക്കാതെ രാഹുൽ എന്നെ തെരഞ്ഞെടുക്കുക ആയിരുന്നു. ഒരെയൊരു ഫീമെയിൽ കഥാപാത്രമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുകയാണ്. വലിയൊരു എക്സ്പീരിയൻസ് ആണ്. മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീൻ ചെയ്യുമ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ആ സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നതും”, എന്നാണ് നടി പറഞ്ഞത്.